ആലപ്പുഴ: ഐ ആം ഫോർ ആലപ്പിയുടെ വിജയഗാഥ തുടരുന്നു. പ്രളയത്തിൽ കറവപ്പശുക്കളെ നഷ്ടപ്പെട്ട പ്രളയബാധിതരായ രണ്ടുപേർക്കുകൂടി ഡൊണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരം പശുക്കളെ വിതരണം ചെയ്തു. സബ് കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ സാന്നിധ്യത്തിൽ ആലപ്പുഴ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരത്തുനടന്ന ചടങ്ങിൽ ചലച്ചിത്രതാരം മല്ലിക സുകുമാരൻ പശുക്കളെ വിതരണം ചെയ്തു.
പൃഥ്വിരാജും ആന്ധ്രപ്രദേശ് റൂറൽ ഡവലപ്മെൻറ് ട്രസ്റ്റുമാണ് പശുക്കളെ സംഭാവനയായി നൽകിയത്. വെളിയനാട് ബ്ലോക്കിലെ മറിയാമ്മ ചാക്കോ, ആര്യാട് ബ്ലോക്കിലെ നിഷാദ് എന്നിവർക്കാണ് കറവപ്പശുക്കളെ വിതരണം ചെയ്തത്. ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസസമിതിയുടെ നേതൃത്വത്തിൽ ഡൊണേറ്റ് എ കാറ്റിൽ പരിപാടിയുടെ 15ാംഘട്ട വിതരണ ഉദ്ഘാടനമായിരുന്നു ഇത്.
ഇതോടെ ജില്ലയിലെ 74 കർഷകർക്കാണ് വിവിധ ദാതാക്കളുടെ സഹായത്തോടെ പശുക്കളെ വിതരണം ചെയ്തത്. പദ്ധതി പ്രകാരം 133 ക്ഷീര കർഷകർക്ക് കറവപ്പശുക്കളെ ലഭിക്കും. ചടങ്ങിൽ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത, ക്ഷീരമേഖലയിലെ ജില്ല പ്രളയ ദുരിതാശ്വാസ സമിതി ചെയർമാൻ വി. ധ്യാനസുതൻ, അസി. ഡയറക്ടർ സി.ഡി. ശ്രീലേഖ, മുനിസിപ്പൽ കൗണ്‍സിലർമാരായ എ.എസ്. കവിത, പ്രസന്ന ചിത്രകുമാർ, ക്ഷീര വികസന ഓഫീസർമാരായ കെ. രാജി, പി. സുനിത, എസ്. ഗീത, എസ്. ശ്രീജ, സെൽമ ബീവി തുടങ്ങിയവർ പങ്കെടുത്തു.