ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രളയബാധിത ക്ഷീരകർഷകർക്കുള്ള സൗജന്യ പശു പദ്ധതിയിൽപെട്ടവർക്ക് ആദ്യഘട്ടത്തിൽ കുറഞ്ഞത് രണ്ടുചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകുമെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാർ പറഞ്ഞു. പ്രളയബാധിത ക്ഷീരകർഷകർക്കായി കേരള ഫീഡ്സ് നടപ്പാക്കി വരുന്ന സ്നേഹസ്പർശം പദ്ധതിയുടെ ആലപ്പുഴ ജില്ലയിലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരിതം നേരിടുന്നതിനു വേണ്ടി 5.17 കോടിയിൽപരം രൂപയുടെ കാലിത്തീറ്റയാണ് കേരള ഫീഡ്സ് സൗജന്യമായി നൽകിയതെന്ന് കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ ചൂണ്ടിക്കാട്ടി. സ്നേഹസ്പർശം പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
52 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്പോഴും ജനങ്ങളോടുള്ള പ്രതിബദ്ധത കേരള ഫീഡ്സ് ഉയർത്തിപ്പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയസമയത്ത് 12000 കന്നുകാലികളെയാണ് ആലപ്പുഴ ജില്ലയിൽ രക്ഷപ്പെടുത്തിയതെന്ന് സബ്കളക്ടർ കൃഷ്ണതേജ ചൂണ്ടിക്കാട്ടി.
’ഡൊണേറ്റ് എ കാറ്റിൽ’ പദ്ധതിയുടെ ഭാഗമായി ആറ് കറവപ്പശുക്കളെ ചടങ്ങിൽ വിതരണം ചെയ്തു. ജില്ലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിനു വേണ്ടി സബ്കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ തുടങ്ങിയ ഐ ആം ഫോർ ആലപ്പി പദ്ധതിയനുസരിച്ച് ജില്ലയിൽ ഇതു വരെ 40 കർഷകർക്ക് പശുവിനെ നൽകിക്കഴിഞ്ഞു.
131 പേരെയാണ് ഈ പദ്ധതിക്കായി ക്ഷീര സഹകരണ സംഘങ്ങളും ക്ഷീരവികസന വകുപ്പും സംയുക്തമായി രൂപം നൽകിയ സമിതി തെരഞ്ഞെടുത്തത്.സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റയും മിനറൽ മിശ്രിതവും തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകർഷകർക്ക് വിതരണം ചെയ്തു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത, അഡി. ഡയറക്ടർമാരായ ആർ. അനീഷ് കുമാർ, സി.ഡി. ശ്രീലേഖ, കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജർ ഷൈൻ എസ് ബാബു, വിവിധ ക്ഷീരസഹകരണ സംഘം പ്രസിഡന്റുമാർ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.