വ്യത്യസ്തമായ ഒരു ഗ്രാമം! ഭൂരിഭാഗം ആളുകളും ഐഎഎസുകാര്‍; ഐഎഎസ് ഗ്രാമത്തേക്കുറിച്ചറിയാം

hrdഇന്ത്യയില്‍ ഐഎഎസുകാര്‍ക്ക് മാത്രമായി ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ ഉത്തര്‍പ്രദേശിലെ ജന്‍പൂര്‍ ജില്ലയില്‍ ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയ്ക്ക് അഭിമാനനേട്ടമായി മദോപാട്ടി എന്ന ഒരു ഗ്രാമമണ്ട്. ഇവിടെ ജനിച്ചുവീഴുന്ന ഓരോകുഞ്ഞും ഉന്നതസ്ഥാനങ്ങള്‍ സ്വപ്‌നം കാണുന്നു. വെറുതെയിരുന്ന് സ്വപ്‌നം കാണുക മാത്രമല്ല അവര്‍ ചെയ്യുന്നത്. അത് സഫലമാക്കുകയുമാണ് മദോപാട്ടി ഗ്രാമത്തിലുള്ളവര്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഐപിഎസുകാരും ഉന്നത ഉദ്യോഗസ്ഥരും ധാരാളമുള്ളൊരു ഗ്രാമം. മദോപാട്ടിയിലെ ഓരോ വീട്ടിലും ഒരു ഉന്നത ഉദ്യോഗസ്ഥനുണ്ടാകും.

75 വീടുകള്‍ മാത്രമുള്ള മദോപാട്ടി ഗ്രാമത്തിലുള്ളത് 47 ഐഎഎസുകാരാണ്. 1914ലാണ് ഇവിടെ നിന്ന് ആദ്യമായി ഒരാള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഇടം പിടിക്കുന്നത്. മുസ്തഫ ഹുസൈന്‍ എന്നയാളാണ് ബ്രിട്ടീഷ് ഇന്ത്യയുടെ സിവില്‍ സര്‍വീസില്‍ അംഗമാകുന്നത്. പ്രശസ്ത കവി വാമിക് ജാന്‍പുരിയുടെ പിതാവാണ് മുസ്തഫ ഹുസൈന്‍. പിന്നീട് 1952ല്‍ ഇന്ദുപ്രകാശ് ഐഎഎസ് ഓഫീസറായി. തുടര്‍ന്നിങ്ങോട്ട് ഒരു ദൗത്യമായി ഇന്നത്തെ തലമുറയും മദോപാട്ടിയുടെ ഐഎഎസ് വിജയഗാഥ തുടരുകയാണ്. ഐഎഎസ്, ഐപിഎസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ഓരോരുത്തരും.

ഐഎഎസ് ഗ്രാമത്തിന്റെ അപൂര്‍വ പ്രത്യേകതയാണ് ഒരു കുടുംബത്തിലെ സഹോദരന്മാരെല്ലാം ഐഎഎസുകാരാണ് എന്നതും. 1955ല്‍ സിവില്‍ സര്‍വീസ് ലഭിച്ച വിനയ് കുമാര്‍ സിങ്ങും മൂന്നു സഹോദരങ്ങളുമാണിത്. ബിഹാറിലെ ചീഫ് സെക്രട്ടറിയായിട്ടാണ് വിനയ് കുമാര്‍ സിങ് വിരമിച്ചത്. ഛത്രപാല്‍ സിങ്, അജയ് കുമാര്‍ സിങ് എന്നിവര്‍ക്ക് 1964 ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. ഇളയ സഹോദരനായ ശശികാന്ത് സിങ്ങിന് 1968ല്‍ സിവില്‍ സര്‍വീസ് ലഭിച്ചതോടെ കുടുംബപട്ടിക പൂര്‍ത്തിയായി. ഇദ്ദേഹം തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ ഗ്രാമത്തില്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തും. ഇവര്‍ക്ക് ഐഎഎസ് കോച്ചിങ്ങിനുള്ള പുസ്തകങ്ങളും മറ്റും നല്‍കും. മികച്ച പുസ്തകള്‍ വായിക്കാനും ആനുകാലിക സംഭവങ്ങള്‍ മനസിലാക്കാനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നല്‍കാന്‍ പ്രത്യേക പരിശീലനവും നല്‍കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കുട്ടികളുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ഐഎഎസുകാര്‍ മാത്രമല്ല മദോപാട്ടി ഗ്രാമത്തിലുള്ളത്. ഐഎസ്ആര്‍ഒയിലും വേള്‍ഡ്ബാങ്കിലും സംസ്ഥാനസര്‍ക്കാര്‍ തലത്തിലെ ഉന്നതസ്ഥാനങ്ങളിലുമൊക്കെയാണ് മദോപാട്ടിക്കാര്‍ ജോലി ചെയ്യുന്നത്. ഗ്രാമത്തിന്റെ ഈ മാതൃക തങ്ങളും പിന്തുടരും എന്ന വാശിയോടെയാണ് ഇവിടുത്തെ ഓരോ കുട്ടികളും പഠിക്കുന്നത്.

Related posts