കോഴിക്കോട്: ലോകമെമ്പാടുമുള്ള കമിതാക്കള്‍ ആഘോഷിക്കുന്ന ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയം വിവാഹത്തിലെത്തിക്കാനും മിക്കവരും ഈ ദിനം തിരഞ്ഞെടുക്കുന്നു. അങ്ങനെയൊരു വാലന്റൈന്‍സ് ദിനമായിരുന്നു കടന്നു പോയത്. വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായി പ്രണയം സഫലമാക്കിയിരിക്കുകയാണ് ഐഎഎസ് കമിതാക്കള്‍. കോഴിക്കോട് നടന്ന ചടങ്ങിലാണ് കര്‍ണ്ണാടക ദാവന്‍ഗരെ ജില്ലാ കളക്ടറും, ജില്ലാ പഞ്ചായത്ത് സിഇഒയും വിവാഹിതരായത്. മലയാളിയായ അശ്വതി സെലുരാജിന് വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം ഇനി ജീവിത പങ്കാളി.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക ദാവന്‍ഗരെ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കോഴിക്കോട് സ്വദേശിനിയുമായ അശ്വതി സെലുരാജിന് ദാവന്‍ഗരെ കലക്ടര്‍ ബഗാഡി ഗൗതം താലിചാര്‍ത്തി. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ അശ്വതിയുടെ സീനിയറായിരുന്നു. ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐഎഎസുകാരിയും. കര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹത്തിന് അശ്വതിയുടെ ബാച്ചിലെ 11 കളക്ടര്‍മാരക്കം 16 ഐ.എ.എസ്സുകാര്‍ എത്തിയിരുന്നു.
നാലരവര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും ഐഎഎസ് സുഹൃത്തുക്കളും വിവാഹത്തിനെത്തി. അഭിഭാഷകനും ചരിത്രകാരനുമായ ചേവായൂര്‍ കാവുനഗര്‍ ഹര്‍ഷത്തില്‍ ടി.ബി.സെലുരാജാണ് അശ്വതിയുടെ പിതാവ്. അമ്മ കെ.എ. പുഷ്പ സെലുരാജ് വാണിജ്യ നികുതിവകുപ്പില്‍ ഡെപ്പ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം വിശാലാക്ഷി നഗറില്‍ ബഗാഡി കൃഷ്ണ റാവുവിന്റെയും ബഗാഡി പാര്‍വതിയുടേയും മകനാണ് ഡോ.ബഗാഡി ഗൗതം. അശ്വതിയുടെയും ഗൗതമിന്റെയും വിവാഹം പ്രണയദിനത്തില്‍ നടത്തണമെന്ന് തീരുമാനിച്ചത് അശ്വതിയുടെ അച്ഛന് ടി.ബി.സെലുരാജാണ്. വൈശാഖാണ് അശ്വതിയുടെ സഹോദരന്.
ദാവന്‍ഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥ ആയാണ് അശ്വതി അറിയപ്പെടുന്നത്. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസം 22 ലിറ്റര്‍ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ. ജില്ലയുടെ മുന്നേറ്റത്തില്‍ അശ്വതിയുടെ പങ്കിനെക്കുറിച്ച് അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫീസറാണ് അശ്വതി.