കുമരകം: സിവിൽ സർവീസിൽ പരീക്ഷയിൽ 574-ാമത് റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ജോസഫ് കെ. മാത്യു എന്ന മെയിൽ നഴ്സ്. സാധാരണ കുടുംബത്തിലെ പരാധീനതകളിൽ തളരാതെ കഠിനധ്വാനത്തിലൂടെ മെയിൽ നഴ്സായ യുവാവിന് ലഭിച്ചത് ഐഎഎസ് പദവി. കുമരകം കൊച്ചുകളത്തിൽ കെ.ഒ. മാത്യു, അക്കാമ്മ ദന്പതികളുടെ മൂത്തമകനാണ് ജോസഫ് കെ. മാത്യു. കുമരകം സെന്റ് ജോണ്‍സ് യുപി സ്കൂളിലും എസ്കഐം എച്ച്എസ്എസിലുമായിരുന്നു ജോസഫ് കെ.മാത്യുവിന്റെ പ്രഥമിക വിദ്യാഭ്യാസം.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽനിന്നും ബിഎസ്സി നഴ്സിംഗ് പഠിച്ചതിന് ശേഷം ആറുവർഷമായി ഡൽഹിയിലെ എയിംസിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലായിരുന്നു ജോസഫ് കെ.മാത്യുവിനെ തേടി സിവിൽ സർവീസ് എത്തുന്നത്.
ഡൽഹിയിൽ തന്നെയായിരുന്നു സിവിൽ സർവീസ് കോച്ചിംഗ് ക്ലാസും നടന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ 574-ാം റാങ്ക് ലഭിച്ചതോടെയാണ് ജോസഫ് നാടിന്റെ അഭിമാനമായി മാറിയത്. കുമരകം ആറ്റാമംഗലം പള്ളി മോർ ഇഗ്്നാത്യോസ് യൂത്ത് അസോസിയേഷന്റെ പ്രവർത്തകനും മുൻ സെക്രട്ടറിയുമായിരുന്നു ജോസഫ് കെ.മാത്യു