മുംബൈ: ഇന്റര്‍നെറ്റിന് വേഗമില്ലെന്നാരോപിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരും മര്‍ദിച്ചതായി പരാതി.
നവി മുംബൈയിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണു സംഭവം. മഹാരാഷ്ട്ര വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയായ ഐഎഎസ് ഓഫീസർ അമൻ മിത്തൽ, നാല് സെക്യൂരിറ്റി ഗാർഡുകൾ, സഹോദരൻ ദേവേഷ് മിത്തൽ എന്നിവരാണ് പ്രതികൾ.
എയർടെല്ലിൽ എൻജിനീയറായി ജോലി ചെയ്യുന്ന സാഗർ മാന്ധ്രെ, ഭൂഷന് ഗുര്‍ജര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്റർനെറ്റ് റൂട്ടർ പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു ടെലികോം ജീവനക്കാർ. പൈപ്പും മരക്കമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഒരാളുടെ കൈക്കുഴയ്ക്ക് പൊട്ടലേറ്റു. റെസിഡൻഷ്യൽ സൊസൈറ്റിയിലെ നാല് സെക്യൂരിറ്റി ഗാർഡുകളും സഹോദരന്മാർക്കൊപ്പം മർദിക്കാൻ ചേർന്നതായി എഫ്ഐആറിൽ പറയുന്നു.
നിലവിൽ എയർടെൽ ഫൈബർ ഇന്റർനെറ്റ് ഇൻസ്റ്റാലേഷൻ ജോലി ചെയ്യുന്ന രണ്ട് പേർക്കാണ് മർദനമേറ്റത്. കിടപ്പുമുറിയിൽ പ്രതീക്ഷിച്ച ഇന്റർനെറ്റ് റേഞ്ച് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.