സംസ്ഥാനത്തൊട്ടാകെ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചു എന്നു തന്നെയാണ് നവോത്ഥാനം എന്ന ആശയം പങ്കുവച്ചുകൊണ്ട് നടത്തിയ വനിതാ മതിലിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അവകാശപ്പെടുന്നത്.
എന്നാല്‍ എല്ലാ കാര്യങ്ങളും കരുതിയതുപോലെ അത്ര മനോഹരമായില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
വനിതാ മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്മാന് കെ.മുരളീധരന് ഭീഷണിയാണ് അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്.
രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമമെന്നും വനിതാമതിലില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം കളക്ടര്‍ കെ. വാസുകിക്കെതിരെ പരോക്ഷ വിമര്‍ശനവും മുരളീധരന് നടത്തി. ജില്ലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ കളക്ടര്‍ വൃന്ദാ കാരാട്ടിനടുത്ത് നിന്ന് വനിതാ മതിലില്‍ കൈകോര്‍ക്കുകയായിരുന്നെന്നും ജില്ലാ വികസനസമിതിയോഗത്തില്‍പോലും പങ്കെടുക്കാന്‍ ഈ കളക്ടര്‍ എത്താറില്ലെന്നും മുരളീധരന് ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെ പങ്കെടുത്തതിനാല്‍ വനിതാ മതില് ചരിത്ര വിജയമാണെന്നായിരുന്നു ഇതുവരെയും ഇടതു വിഭാഗത്തിന്റെ അവകാശവാദം.