നിശാമദ്യപാന പാര്‍ട്ടി പരിധിവിട്ടു; നീന്തല്‍കുളത്തില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ചാടിയ ഐഎഎസ് ട്രെയിനി മുങ്ങിമരിച്ചു

ias600ന്യൂഡല്‍ഹി: മദ്യപാന പാര്‍ട്ടി അതിരുവിട്ടപ്പോള്‍ ഐഎഎസ് ട്രെയിനിയായ യുവാവിന് ദാരുണാന്ത്യം. പാര്‍ട്ടിയ്ക്കിടെ കാല്‍തെറ്റി നീന്തല്‍കുളത്തില്‍ വീണ വനിതയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഹരിയാനയിലെ സോണപ്പേട്ട് സ്വദേശിയായ ആശിഷ് ദഹിയ മുങ്ങി മരിക്കുകയായിരുന്നു. തെക്കന്‍ ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള വിദേശകാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് അപകടമുണ്ടായത്.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിലവിലുള്ള ബാച്ചിലെ ട്രെയിനികള്‍ ഇന്നലെ രാത്രി പൂള്‍ സൈഡ് പാര്‍ട്ടി നടത്തിയിരുന്നു. ഐഎഫ്എസ്, ഐആര്‍എസ് ട്രെയിനികളാണു പാര്‍ട്ടിയില്‍ പങ്കെടുത്തത്. സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഐഎഎസ് ട്രെയിനിയായ ആശിഷ് പങ്കെടുക്കുകയായിരുന്നു. പാര്‍ട്ടിക്കിടെ നീന്തല്‍കുളത്തിനു സമീപത്തുകൂടി നടന്ന യുവതി കാല്‍തെറ്റി കുളത്തിലേക്കു വീണതിനെത്തുടര്‍ന്നാണ ആശിഷും മറ്റുള്ളവരും കുളത്തിലേക്കു ചാടുന്നത്. യുവതിയെ രക്ഷിച്ച ശേഷമാണ് ആശിഷിനെ കാണുന്നില്ലെന്നു മനസിലായത്.

തുടര്‍ന്നു വീണ്ടും തെരച്ചില്‍ നടത്തിയപ്പോള്‍ ആശിഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡല്‍ഹി സൗത്ത് അഡീഷണല്‍ ഡിസിപി ചിന്മയ് ബിസ്വാള്‍ പറഞ്ഞു. നീന്തല്‍കുളത്തില്‍നിന്നു പുറത്തെടുത്ത ആശിഷിനെ വസന്ത്കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിക്കുകയായിരുന്നു. യുവതിയും ആശിഷും മദ്യലഹരിയിലായിരുന്നെന്നാണു സംശയം. പാര്‍ട്ടി നടന്ന സ്ഥലത്തു മദ്യപാനം നടന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായി സ്‌റ്റേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രമ്യേഷ് ബന്‍സാല്‍ പറഞ്ഞു. ഐഎഫ്എസ് പരിശീലനത്തിന്റെ അവസാന ദിനം ആഘോഷിക്കാനാണു പാര്‍ട്ടി നടത്തിയത്. ആശിഷ് ദഹിയയുടെ മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഹിമാചല്‍ പ്രദേശ് പൊലീസില്‍ ഡെപ്യുട്ടി സൂപ്രണ്ടായിരുന്നു ആശിഷ്. 2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസിന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഐഎഫ്എസ് സ്വീകരിക്കുകയായിരുന്നു. ഭാര്യ പ്രഗ്യ ഡോക്ടറാണ്.

Related posts