തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിയുമായി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ ഇന്ന് സംസ്ഥാന പോലീസ് മേധാവിയെ കാണും. പത്തനംതിട്ടയിൽ നിന്നാണ് യുവതിയുടെ പിതാവും ബന്ധുക്കളും തിരുവനന്തപുരത്തെത്തി എഡിജിപി മനോജ് എബ്രഹാം, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് എന്നിവരെ കാണുന്നത്.
യുവതി മരണമടഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ഉത്തരവാദിയായ പ്രതിയെ പിടികൂടാൻ പോലീസിന് കഴിയാത്തതിലുള്ള പരാതി ബന്ധുക്കൾ ഡിജിപിയെ അറിയിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സുകാന്ത് കുടുംബ സമേതമാണ് ഒളിവിൽ കഴിയുന്നത്. പോലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നുവെങ്കിൽ സുകാന്തിനെ പിടികൂടാമായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്.
അതേസമയം സുകാന്തിന്റെ മുൻകൂർ ജാമ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച സുകാന്തിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പൂട്ടിയിട്ടിരുന്ന വീട് തുറന്ന് പരിശോധന നടത്തിയത്. ഹാർഡ് ഡിസ്ക്കും പാസ് ബുക്കുകളും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
സുകാന്തിനെതിരേ പേട്ട പോലീസ് ലൈംഗിക പീഡനം, സാന്പത്തിക ചൂഷണം, തട്ടിക്കൊണ്ട് പോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ മാസം 24 ന് രാവിലെയാണ് ഐബി ഉദ്യോഗസ്ഥയെ ചാക്കയ്ക്ക് സമീപത്തെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർ അന്വേഷണത്തിലാണ് യുവതിയുടെ മരണം ആത്മഹത്യയാണെന്നും വിവാഹത്തിൽ നിന്നും സുകാന്ത് പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നും പോലീസ് കണ്ടെത്തിയത്.