പത്തനംതിട്ട: തിരുവനന്തപുരത്ത് ട്രെയിനു മുമ്പില്‍ ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ കോന്നി അതിരുങ്കല്‍ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടില്‍ മധുസൂദനന്റെ മകള്‍ മേഘ(25)യെ സുഹൃത്തായ ഉദ്യോഗസ്ഥന് സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം.
മേഘയുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് അവശേഷിക്കുന്നതെന്ന് പിതാവ് മധുസൂദനന് പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ മേഘയുടെ അക്കൗണ്ടില്‍നിന്ന് പണം അയാളുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്.
കുറച്ചു തിരിച്ചു വന്നിട്ടുണ്ട്. പത്താം മാസം വരെ ചെറിയ തുകയും അതിനു ശേഷം മുഴുവന്‍ പണവും അക്കൗണ്ടിലേക്ക് പോയി. മൂന്നര ലക്ഷത്തോളം രൂപ ഇങ്ങനെ പോയിട്ടുണ്ട്. മകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പണം പോലും കൈവശം ഉണ്ടായിരുന്നില്ലെന്ന് മധുസൂദനന് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി കൊണ്ടുകൊടുക്കുന്ന അവസ്ഥ വരെയുണ്ടായിരുന്നു.
തന്റെ പരാതി പ്രകാരം അയാളെ ഐബി കസ്റ്റഡിയില്‍ എടുത്തിരുന്നു. കുറെ ദിവസം കസ്റ്റഡിയില്‍ വച്ച ശേഷം വിട്ടയച്ചു. നിലവില്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് പല പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്നും മധുസൂദനന് ആരോപിച്ചു.