കൊച്ചി: ലഹരിമരുന്ന് മാർക്കറ്റിൽ അഞ്ചു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രധാനപ്രതിയെന്നു സംശയിക്കുന്ന ബിഗ് ബോസിനെ പിടികൂടാൻ പതിനെട്ടടവും പയറ്റി പോലീസ്. കൊച്ചിയിലേക്ക് ഉൾപ്പെടെ കഴിഞ്ഞ മാസങ്ങളിൽ കോടികളുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിനു പിന്നിൽ ഇയാളാണോയെന്നും സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. വിവിധ പേരുകളിൽ വിവിധ ഏജന്റുമാർ മുഖാന്തിരം അറിയപ്പെടുന്നത് ചെന്നൈ സ്വദേശിയായ ബിഗ് ബോസ് തന്നെയാണോയെന്നാണു പോലീസ് സംശയിക്കുന്നത്.
നിലവിൽ ഇയാളുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണെങ്കിലും അന്വേഷണം ഉൗർജിതമാണെന്നു പോലീസ് പറയുന്നു. അതിനിടെ, കൂടുതൽ അന്വേഷണങ്ങൾക്കായി കേസിൽ റിമാൻഡിലായ ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫിനെ (59) പോലീസ് കസ്റ്റഡിയിൽ വാങ്ങും. അത്യന്തം വിനാശകാരിയായ മയക്കുമരുന്നായ ഐസ് മെത്ത് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെത്താം ഫിറ്റമിനുമായാണ് ഇയാൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
ബിഗ് ബോസിനെ പിടികൂടാനാണ് പോലീസ് കെണിയൊരുക്കിയതെങ്കിലും വീണത് ഇബ്രാഹീം ഫെരീഫായിരുന്നു. പ്രതിക്ക് മയക്ക് മരുന്നുകൾ കൈമാറിയത് ബിഗ് ബോസാണെന്നാണു പോലീസ് പറയുന്നു. അന്പത് കിലോയോളം മെത്താം ഫിറ്റമിൻ വേണമെന്ന ആവശ്യവുമായി ഇടനിലക്കാരെന്ന വ്യാജേനയാണു പോലീസ് ബിഗ് ബോസുമായി ബന്ധപ്പെടുന്നത്.
ഫോണിലൂടെയായിരുന്നു ഇടപെടൽ. ബിഗ് ബേസ് നേരിട്ടെത്തി ഇടപാട് നടത്തുമെന്നാണു പോലീസ് കരുതിയെങ്കിലും ട്രെയിനിൽ ഏജന്റിനെ പറഞ്ഞയച്ച് അധികൃതരെ കബളിപ്പിച്ചു. വിവിധ വഴികളിൽ ഇയാളെ പിടികൂടാനുള്ള അന്വേഷണം നടക്കുന്നതായാണു പോലീസ് പറയുന്നത്. കൊറിയർ വഴി കൊച്ചിയിലേക്ക് പലകുറി മയക്കുമരുന്ന് എത്തിച്ചതിനു പിന്നിൽ ഈ സംഘം തന്നെയാണോയെന്നാണു പോലീസ് സംശയം. ഇബ്രാഹിം ഷെരീഫിനെ ഇന്നലെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.