കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം നല്‍കണമെന്നുമാണ് അദേഹത്തിന്റെ വാദം.
ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്കിയ കേസില്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും നാലുദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന് നിലപാട്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 18നാണ് അന്വേഷണ സംഘം അവിടെയെത്തി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പാലാരിവട്ടം മേൽപ്പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് വ്യവസ്ഥകള്‍ ഇല്ലാതിരുന്നിട്ടും മൊബിലൈസേഷന്‍ അഡ്വാന്‍സായി വന്‍ തുക നല്കാന് നിര്‍ദേശിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റം.
പ്രതിയായ ടി.ഒ. സൂരജിന്റെ മൊഴിയാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത്. വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരുന്നില്ല.
ആരോഗ്യപ്രശ്നം ഗുരുതരമാണെന്നു കോടതി നിയോഗിച്ച മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നു ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കിലും കസറ്റഡിയിലെടുക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല ചികിത്സയ്ക്കു തടസം ഉണ്ടാകുന്ന രീതിയില്‍ ചോദ്യംചെയ്യരുതെന്നുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്.