കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ അടുത്ത സ്ഥാനാർഥിക്കായി ആലോചന തകൃതിയായി.
ഇബ്രാഹിം കുഞ്ഞിന് സീറ്റ് നൽകിയാൽ അത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. എന്നാൽ കളമശേരി സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കുകയും ഇല്ല. കളമശേരി സീറ്റ് വച്ചുമാറുന്നില്ലെങ്കിൽ ലീഗിന് അവിടെ പരിഗണിക്കാനുള്ളത് മൂന്നു പേരുകളാണ്.
ലീഗിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും എറണാകുളം ജില്ലക്കാരനുമായ ടി.എ. അഹമ്മദ് കബീർ എംഎൽഎ, വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനും അഭിഭാഷകനുമായ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂറുമാണ് സീറ്റിനായി പരിഗണനയിലുള്ളത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ പേരും സജീവമായി ചർച്ച ചെയ്യപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ ആയിരിക്കും കളമശേരിയിലെ മുസ്ലീം ലീഗ് സ്ഥാനാർഥി എന്നാണ് റിപ്പോർട്ടുകൾ. ഇബ്രാഹിം കുഞ്ഞ് നിർദേശിക്കുന്ന ആൾ തന്നെ ആയിരിക്കും മണ്ഡലത്തിലെ സ്ഥാനാർഥി എന്ന് ഏറെക്കുറെ ഉറപ്പാണ്.
ഇബ്രാഹിം കുഞ്ഞിന് പകരം മകൻ വന്നാൽ മണ്ഡലം നിലനിർത്താൻ സാധിക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ മകനെ പരിഗണിക്കാതെ അഹമ്മദ് കബീറിനെ പരിഗണിക്കണമെന്നു വാശിപിടിക്കുന്നവരുമുണ്ട്.
അഴിമതി, അനാരോഗ്യം പ്രശ്നം
അഴിമതി ആരോപണങ്ങളെ തള്ളി സീറ്റ് നൽകിയാലും ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇബ്രാഹിംകുഞ്ഞിനു മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എന്തായാലും സിറ്റിംഗ് മണ്ഡലത്തിൽ റിസ്ക് എടുക്കാൻ മുസ്ലീം ലീഗ് തയാറല്ല.
പാലാരിവട്ടം അഴിമതി ചർച്ചയായിക്കഴിഞ്ഞാൽ മണ്ഡലത്തിലെ വിജയസാധ്യത ചുരുങ്ങുമെന്ന വിലയിരുത്തലും മുസ്ലീം ലീഗിനുണ്ട്. അത് എങ്ങനെ സാധ്യമാക്കും എന്നതിനെ കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇടതുപക്ഷം, ഇത്തവണ മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തുമെന്നും ഉറപ്പാണ്.
എൽഡിഎഫ് സ്ഥാനാർഥിയായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എത്തുകയാണെങ്കിൽ, പി.കെ. ഫിറോസ് ലീഗ് സ്ഥാനാർഥിയാകും എന്നു റിപ്പോർട്ടുകളുണ്ട്. എന്തായാലും എൽഡിഎഫ് ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്തിയിട്ടില്ല.
യുഡിഎഫ് സ്വതന്ത്രനാകാൻ താത്പര്യമുണ്ടെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ അറിയിച്ചിരുന്നു. യുഡിഎഫ് നേതാക്കളുമായി ചർച്ചകളും നടന്നിരുന്നു. എന്തായാലും ഇക്കാര്യത്തിൽ കോണ്ഗ്രസിനും മുസ്ലീം ലീഗിനും താത്പര്യം തീരെയില്ല.
സീറ്റ് വച്ചുമാറ്റമില്ല
മുസ്ലീം ലീഗിലെ ശക്തനായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് വി.കെ. ഇബ്രാഹിം കുഞ്ഞ്. വിവാദത്തെ തുടർന്ന് കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോൾ ആ പദവി കൈമാറിയതും അന്ന് ഇബ്രാഹിംകുഞ്ഞിനായിരുന്നു.
അതുകൊണ്ട് ഇബ്രാഹിംകുഞ്ഞിന്റെ താത്പര്യത്തിന് വിരുദ്ധമായി കളമശേരിയിൽ ഒന്നും സംഭവിക്കില്ല എന്നാണ് വിലയിരുത്തൽ.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കളമശേരി സീറ്റ് ലീഗുമായി വച്ചുമാറാൻ കോണ്ഗ്രസ് തയാറാണ്.
പകരം മലബാർ മേഖലയിൽ സീറ്റ് നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത്തരമൊരു നീക്കത്തിനോട് ലീഗിന് താത്പര്യമില്ല. എറണാകുളം ജില്ലയിൽ മുസ്ലീം ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് കളമശേരി. അത് നഷ്ടപ്പെടുന്നത് ഉചിതമായിരിക്കില്ല എന്നാണ് ലീഗിന്റെ വിലയിരുത്തൽ. 2011 കളമശേരി മണ്ഡലം രൂപീകൃതമായതുമുതൽ ഇബ്രാഹിം കുഞ്ഞാണ് ഇവിടത്തെ എംഎൽഎ.