കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ തട്ടി മുന്‍മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനു സീറ്റ് ലഭിച്ചില്ലെങ്കിലും അക്ഷരാര്‍ഥത്തില്‍ വിജയിച്ചത് ഇബ്രാഹിം കുഞ്ഞ് തന്നെ. തന്റെ മകനിലൂടെ മണ്ഡലം ചേര്‍ത്തുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് അദേഹം.
ഇബ്രാഹിംകുഞ്ഞിനെയും മകനെയും മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരേ ചില കോണുകളില്‍നിന്നും നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് കെട്ടടങ്ങിയ കാഴ്ചയാണ് കാണാന്‍ സാധിച്ചത്.ഒരുവേള ഇബ്രാഹിംകുഞ്ഞിനെതന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ചിലര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
സംസ്ഥാന നേതൃത്വവുമായി ഇബ്രാഹിംകുഞ്ഞ് ചര്‍ച്ച നടത്തിയതു പലവിധത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചെങ്കിലും ഇന്നലെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ എതിര്ഗ്രൂപ്പുകളിലെ നിശബ്ദമാക്കികൊണ്ടുള്ള വിജയമാണു ഇബ്രാഹിംകുഞ്ഞ് നേടിയെടുത്തത്.
പാരയായതു പാലം
അഞ്ചാം തവണയും നിയമസഭയിലെത്താനുള്ള ഇബ്രാഹിംകുഞ്ഞിന്റെ അങ്കപ്പുറപ്പാട് പാലാരിവട്ടം പാലം അഴിമതിക്കേസിലാണ് തട്ടിവീണത്. രണ്ടു തവണ വീതം മട്ടാഞ്ചേരിയിലും കളമശേരിയിലും മത്സരിച്ചു എംഎല്‍എയാവുകയും രണ്ടു മന്ത്രിസഭകളില്‍ മന്ത്രിയാവുകയും ചെയ്ത ശേഷമാണു തുടര്‍വിജയ മോഹം ബാക്കിയാക്കി മകനായി വഴിമാറിയത്.
2001ല്‍ മട്ടാഞ്ചേരിയില്‍ ജയിച്ചാണു ഇബ്രാഹിംകുഞ്ഞ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2006ല്‍ സിപിഎമ്മിലെ എം.സി. ജോസഫൈനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 2011 ല്‍ കളമശേരി മണ്ഡലത്തിലെത്തി. അന്നു സിപിഎമ്മിലെ കെ. ചന്ദ്രന്‍പിള്ളയെയും 2016ല്‍ എ.എം. യൂസഫിനെയുമാണു തോല്പിച്ചത്.
24244 വോട്ടുകളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം. 2005ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി വ്യവസായ വകുപ്പ് മന്ത്രിയായി. 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയായി.കന്നിയങ്കത്തിനിറങ്ങുന്ന ഗഫൂര്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കളമശേരി സെന്റ് പോള്‍സ് കോളജില്‍നിന്നും പ്രീഡിഗ്രിയും ലോ കോളജില്‍നിന്നു നിയമ ബിരുദവും നേടിയ ഇദേഹം 2000 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. 2004 മുതല്‍ എട്ടു വര്‍ഷം ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കോണ്‍സലായിരുന്നു. ടിസിസി തൊഴിലാളി യൂണിയന് പ്രസിഡന്റ്, കെഎംഎംഎല്‍ എസ്ടിയു പ്രസിഡന്റ്, ട്രാക്കോ കേബിള്‍സ്, കെല്, എഫ്ഐടി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയന് പ്രസിഡന്റാണ്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഗഫൂര്‍ മുസ്ലീം യൂത്ത് ലീഗിന്റെ ജില്ലാ പ്രസിഡന്റ്, ആലുവ ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടെ പ്രസിഡന്റാണ്. ദിലാരയാണു ഭാര്യ. മക്കള്‍: റിദ ഫാത്തിമ, വസീം ഖാദര്‍, റയ ഫാത്തിമ.
മത്സരസാധ്യത കണക്കിലെടുത്ത് വി.ഇ. അബ്ദുല്‍ ഗഫൂര്‍ തദേശ തെരഞ്ഞെടുപ്പിനു മുമ്പേ കളമശേരി മണ്ഡലത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥി ഇന്നലെ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.