തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. പൊതുപ്രവർത്തകർക്കെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പ്രകാരമാണു നടപടി.
മന്ത്രിയെന്ന നിലയിലും റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ ചെയർമാനെന്ന നിലയിലും മേൽപ്പാലം നിർമാണത്തിൽ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണ വിധേയമാക്കുന്നത്. കരാറുകാരനു ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാൻ ആവശ്യപ്പെട്ടതിനു പിന്നിൽ ഇബ്രാഹിംകുഞ്ഞിനു ഗൂഡലക്ഷ്യമുണ്ടായിരുന്നുവെന്നു വിജിലൻസ് നേരത്തെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ചട്ടം ലഘിച്ചു കരാറുകാരനു വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണു പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നൽകാൻ നിർദ്ദേശിച്ചത് അന്നു മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണ്.
പൊതുമേഖലാ ബാങ്കുകൾ 11 മുതൽ 14 ശതമാനം വരെ പലിശ ഈടാക്കിയിരുന്ന സമയത്താണു വെറും ഏഴ് ശതമാനം പലിശയ്ക്കു പാലാരിവട്ടം മേൽപ്പാലം കരാറുകാരനു വായ്പ നൽകിയത്. ഇതിലൂടെ സർക്കാർ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.