ആലുവ(കൊച്ചി): പാലാരിവട്ടം മേല്‍പ്പാലം അഴമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
അശുപത്രിയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്നുമെത്തിയ വിജിലന്‍സ് സംഘമാണ് ഇന്നു രാവിലെ എട്ടരയോടെ ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിലെ വീട്ടിലെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് എത്തിയത്.
എന്നാല്‍, ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നു കുടുംബാംഗങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണു ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയതെന്നാണു ഇവര്‍ അറിയിച്ചത്.
ഇബ്രാഹിംകുഞ്ഞ് വീട്ടില്‍വച്ച് ഇന്ന് സന്ദര്‍ശകരെ കാണുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു വിജിലന്‍സ് സംഘത്തിന്റെ നീക്കമെന്നാണു വിവരങ്ങള്‍.
അദ്ദേഹം വീട്ടിലില്ലെന്ന വിവരങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് ആലുവ ഈസ്റ്റ് പോലീസിൻരെ സഹായത്തോടെ വീടിനുള്ളില്‍ കയറി സംഘം പരിശോധന നടത്തി.
വനിതാ പോലീസിന്റെ അടക്കം സാനിധ്യത്തിലായിരുന്നു പരിശോധനകള്‍. ലോക്കല്‍ പോലീസും വിജിലന്‍സിലെ ഒരു സംഘവും വീടിന്റെ പരിസരത്ത് നിലയുറപ്പിച്ചപ്പോള്‍ മറ്റൊരു സംഘം പത്തോടെ വിവരങ്ങള്‍ ആരായുന്നതിനായി ആശുപത്രിയിലും എത്തി.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന നീക്കങ്ങള്‍ക്കൊടുവില്‍ പത്തരയോടെ വീട്ടിലുണ്ടായിരുന്ന സംഘവും മടങ്ങി. മുന്‍ മന്ത്രിയുടെ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നു സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
അറസ്റ്റ് വിവരങ്ങള്‍ ചോര്‍ന്നു ?
വിജിലന്‍സ് സംഘത്തിന്റെ നീക്കങ്ങള്‍ ചോര്‍ന്നതായി സംശയം. ഇന്നലെ വൈകിട്ടോടെയാണു നിര്‍ണായക നീക്കങ്ങള്‍ക്കു വിജിലന്‍സ് പദ്ധതിയിട്ടതെന്നാണു സൂചന. ഇന്നലെ വൈകിട്ടാണു ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ചതും.
ഇത് റെയ്ഡ് വിവരം ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണോയെന്ന സംശയങ്ങളാണു പുറത്തുവരുന്നത്. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദേഹം എല്ലാ മാസവും ചികിത്സ തേടാറുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രോഗവിവരങ്ങളും മറ്റും വ്യക്തമാക്കിയിട്ടില്ലെങ്കിലും തുടര്‍ ചികിത്സയുടെ ഭാഗമായാണു വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന് പിടിവള്ളി
സര്‍ക്കാര്‍ തലത്തില്‍നിന്നുള്ള നിര്‍ദേശ പ്രകാരമാണു അന്വേഷണ സംഘത്തിന്റെ വേഗത്തിലുള്ള നീക്കങ്ങളെന്നാണു പുറത്തുവരുന്ന സൂചനകള്‍. സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന് പദ്ധതി, കിഫ്ബി എന്നിവയില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന് പിടിവള്ളിയാണു വിജിലന്സിൻരെ നീക്കങ്ങള്‍.
അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്കെത്തുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ ഇതിനോടകം പലവട്ടം സര്‍ക്കാരും എല്‍ഡിഎഫും ശ്രമിക്കുകയും ചെയ്തിതിരുന്നു.
മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനു പുറമെ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയല്‍,
കിറ്റ്കോ മുന്‍ എംഡിയാണ് ബെന്നി പോള്‍, ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജര്‍ എം.ടി. തങ്കച്ചന് എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയത് ആര്‍ബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിന്മേലാണെന്നു ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് പ്രതി ചേര്‍ത്തത്. മുമ്പ് പലവട്ടം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഇടപെട്ട വമ്പന്‍ അഴിമതിയാണു നടന്നിരിക്കുന്നതെന്നാണു വിജിലന്‍സിന്റെ വിലയിരുത്തല്‍.
പഞ്ചവടി പാലം പുനനിര്മാണത്തില്
39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പുനനിര്‍മാണം നടത്തികൊണ്ടിരിക്കുന്നത്. ദേശീയപാത അഥോറിറ്റി നിര്‍മിച്ചാല്‍ ടോള്‍ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാനായിരുന്നു
പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാനം ഏറ്റെടുത്തത്. റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്പറേഷന് ഓഫ് കേരളയാണ് (ആര്‍ബിഡിസികെ) മേല്‍പാലം പദ്ധതി നടപ്പാക്കിയത്. കിറ്റ്കോയായിരുന്നു ഡിസൈന്‍ കണ്‍സല്‍റ്റന്റ്.
കരാറെടുത്ത, ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷനാണു പാലത്തിന്റെ രൂപരേഖ തയാറാക്കി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് അനുമതി വാങ്ങിയത്.
2014 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങി. 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു.
പിന്നീട് ദേശീയപാത അതോറിറ്റിക്കുവേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ പാലത്തിലെ വിള്ളലുകളും നിര്‍മാണത്തിലെ അപാകതകളും റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് മദ്രാസ് ഐഐടിയും പഠനം നടത്തിയത്. ഐഐടി അറ്റകുറ്റപ്പണി നിര്‍ദേശിച്ചതോടെ പാലം അടച്ചിട്ടു. ഐഐടിയുടെ പഠനത്തില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ച കണ്ടെത്തിയിരുന്നത്.