വടകര: പാക്ക് പൗരനെന്ന ഭീഷണിയില്‍ ഏറെ ദുരിതം നേരിട്ട വെളളികുളങ്ങര ചല്ലിക്കുളത്തില്‍ ഇബ്രാഹിം (62) നിര്യാതനായി. പാക്കിസ്ഥാന് പാസ്പോര്ട് കൈയിലുളളതിനാല് പാക്ക് പൗരനെന്ന പേരില്‍ പോലീസിന്റെ നാടുകടത്തലിന് ഇരയായിരുന്നു. പാക്കിസ്ഥാന് സ്വീകരിക്കാന്‍ തയാറാകാതെ പോലീസ് തിരികെ സ്വദേശത്ത് എത്തിക്കുകയായിരുന്നു. നിയമകുരുക്കില്‍ അകപ്പെട്ടെങ്കിലും പിന്നീട് നാട്ടില്‍ തന്നെ കഴിയാന്‍ അനുമതി ലഭിച്ചു.
നാല്പതു വര്‍ഷം മുമ്പു മുംബൈയില്‍ നിന്നു കപ്പലില്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ എത്തിപ്പെടുകയായിരുന്നു. അവിടെ കടയില്‍ ജോലി ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങാന്‍ പാസ്പോര്‍ട്ട് എടുത്തതോടെയാണ് പുലിവാലായത്. പാക്കിസ്ഥാന് പാസ്പോര്‍ട്ടുമായി നാട്ടിലെത്തിയ ഇബ്രാഹിം പിന്നീട് അറിയപ്പെട്ടത് പാക്കിസ്ഥാനി എന്നായിരുന്നു. പോലീസിന്റെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും കേന്ദ്ര ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നു ഇബ്രാഹിം. ഇവിടെ മത്സ്യം വിറ്റ് ഉപജീവനം നടത്തിപോന്ന ഇദ്ദേഹം പോലീസിനെ സംബന്ധിച്ചിടത്തോളം പാക്ക് ചാരനായിരുന്നു.
ഇന്ത്യാ-പാക്ക് വൈരം മൂര്‍ഛിക്കുമ്പോള്‍ ഇബ്രാഹിമിനെ പോലുള്ളവര്‍ക്കെതിരെ പോലീസ് നടപടി കടുപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പത്തു വര്‍ഷം മുമ്പ് ഇബ്രാഹിമിനെ രാജസ്ഥാനിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തിച്ചത്. ഏറ്റെടുക്കാന്‍ പാക്കിസ്ഥാന് തയാറാകാത്തത് ജന്മനാട്ടില് തന്നെ കഴിയാന്‍ വഴി തുറന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ എടച്ചേരി പോലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണമെന്ന നിബന്ധനയിലായിരുന്നു ഏറെ കാലം മുന്നോട്ട് പോയത്. ഒടുവില്‍ നീതിപീഠമാണ് തുണയായത്. പാക്ക് പൗരനെന്ന പേരില്‍ ഇബ്രാഹിം അനുഭവിച്ച പീഡനം ഏറെ ചര്‍ച്ചയായിരുന്നു.
നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാഹിം ഇന്നലെ രാത്രിയായിരുന്നു അന്ത്യശ്വാസം വലിച്ചത് . മൃതദേഹം ഇന്നു രാവിലെ ഓര്‍ക്കാട്ടേരി പള്ളയില്‍ ഖബറടക്കി. ഭാര്യ: നബീസു. മക്കള്‍: സുബൈര്‍, ഫൈസല്‍, അബ്ദുളള, ഹന്ന, അന്‍ഷീറ. മരുമകന്: റഷീദ്.