കൊച്ചി: ലഹരിമരുന്ന് മാർക്കറ്റിൽ അഞ്ചു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നുകളുമായി ചെന്നൈ സ്വദേശി പിടിയിലായ സംഭവുമായി ബന്ധപ്പെട്ട് ബിഗ് ബോസിനെതേടി കൊച്ചി പോലീസ്. ചെന്നൈ സ്വദേശിയായ ഇയാൾ പോലീസ് വലയത്തിൽനിന്നും രക്ഷപ്പെട്ടത് അതിവിദഗ്ധമായി. മാസങ്ങൾ നീണ്ടുനിന്ന നിരീക്ഷണങ്ങൾക്കുശേഷമായിരുന്നു പോലീസ് നടപടികൾ.
ഇന്നലെ പിടിയിലായത് ഏജന്റാണെങ്കിലും ആള് ചില്ലറക്കാരനല്ലെന്നു പോലീസ് വ്യക്തമാക്കുന്നു. അത്യന്തം വിനാശകാരിയായ മയക്കുമരുന്നായ ഐസ് മെത്ത് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെത്താം ഫിറ്റമിനുമായി ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫിനെ (59) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും പോലീസ് പിടികൂടിയത്.
പ്രതിക്കു മയക്ക് മരുന്നുകൾ കൈമാറിയത് ബിഗ് ബോസ് എന്ന രഹസ്യകോഡിൽ അറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ്. ഇയാളെ പിടികൂടുവാൻ കഴിഞ്ഞ ദിവസങ്ങളിൽതന്നെ പോലീസ് ചില ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലവത്തായില്ല. അന്പത് കിലോയോളം മെത്താം ഫിറ്റമിൻ വേണമെന്ന ആവശ്യവുമായി ഇടനിലക്കാരെന്ന വ്യാജേനയാണു പോലീസ് ബിഗ് ബോസുമായി ബന്ധപ്പെടുന്നത്. ഫോണിലൂടെയായിരുന്നു ഇടപെടൽ. പരീക്ഷണമെന്ന നിലയിൽ അഞ്ച് കിലോയോളം ആദ്യമായി നൽകാമെന്ന് ബിഗ് ബോസ് സമ്മതിച്ചു.
ഇത് വാങ്ങാൻ പണമായി ഒന്നര കോടി രൂപയിലേറെ കണ്ടെത്തേണ്ടിയിരുന്നതിനാലാണു നടപടികൾ വൈകിയത്. പിന്നീട് ഫിലീം നോട്ടുകൾ ഉൾപ്പെടെയുള്ളവയുമായാണു പോലീസ് ഇടപാട് ഉറപ്പിക്കുന്നതിനായി ചെന്നൈയിലോട്ട് പോയത്. ചെന്നൈയിലെത്തിയ പോലീസ് സംഘം ബിഗ് ബോസുമായി ബന്ധപ്പെട്ടപ്പോൾ തന്റെ ഏജന്റ് എറണാകുളത്തേയ്ക്കുള്ള ട്രെയിലുണ്ടെന്നും ട്രെയിനിൽവച്ച് സാധനം കൈമാറുമെന്നും വ്യക്തമാക്കി.
തുടർന്നു ഏജന്റ് കയറിയ ട്രെയിനിൽ പോലീസ് കയറുകയും പിന്തുടരുകയുമായിരുന്നു. ട്രെയിൻ യാത്രയിൽ എപ്പോഴെങ്കിലും പ്രതി ബിഗ്ബോസുമായി ബന്ധപ്പെടുമെന്നു പോലീസ് കരുതിയെങ്കിലും ഉണ്ടായില്ലെന്ന് അധികൃതർ പറഞ്ഞു. പിന്നീട് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഇയാളെ പിടികൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇബ്രാഹിം ഷെരീഫ് പിടിയിലായതോടെ ബിഗ് ബോസിന്റെ മൊബൈൽ ഫോണ് പ്രവർത്തനരഹിതമായെന്നും പോലീസ് പറഞ്ഞു. പിടികൂടുന്ന സമയം ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർഥവും പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഇയാൾ സ്വയം കരുതിയതാകാമെന്നാണു പോലീസ് സംശയിക്കുന്നത്. പിടികൂടുന്പോൾ രണ്ട് കിലോഗ്രാം മെത്താം ഫിറ്റമിനാണ് പ്രതിയുടെ പക്കലുണ്ടായിരുന്നത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. ബിഗ് ബോസിനെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഇതിനായി മറ്റ് മാർഗങ്ങൾ തേടുകയാണെന്നും പോലീസ് അറിയിച്ചു.
പിടിയിലായത് ചില്ലറക്കാരനല്ല
ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കു മരുന്നുകൾ കയറ്റി അയക്കുന്ന സംഘത്തിലെ കണ്ണിയാണു പിടിയിലായത്. ശ്രീലങ്കയിൽ എൽറ്റിറ്റിഇയ്ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാനമാർഗമാണ് മയക്കുമരുന്ന് കടത്ത്.
മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ച് അവിടെനിന്നും കടൽമാർഗം ശ്രീലങ്കയിൽ എത്തിക്കുന്ന മയക്കുമരുന്നുകൾ അവിടെനിന്നും അഭയാർഥികൾ വഴി ബോട്ട് മാർഗം ചെന്നൈ, തൂത്തുകുടി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ എത്തിക്കും. അവിടെനിന്നും മുംബൈ, ഗോവ, ബംഗളൂരു, ഹൈദ്രാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജൻറുമാർ മുഖാന്തിരം എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഇബ്രാഹിം ഷെരീഷ് എന്ന് ഡിസിപി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു.
ഒരു കിലോയ്ക്ക് 35 ലക്ഷം രൂപവരെയാണു ഹോൾസെയിൽ വിലയായി ഈടാക്കുന്നത്. ചില്ലറവിൽപ്പനയിലേക്ക് എത്തുന്പോൾ വില ഒന്നര കോടി രൂപവരെ ഉയരുമെന്നും അധികൃതർ പറയുന്നു. പിടിയിലായ പ്രതി തുണിത്തരങ്ങളുടെ ബിസിനസ് എന്ന രീതിയിൽ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്നും സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
കൊച്ചിയിൽ അടുത്തയിടെ കൊറിയർ സർവീസ് കന്പിനിയിൽ നിന്നും വൻതോതിൽ എംഡി എംഎ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ ഷാഡോ എസ്ഐ എ.ബി. വിബിൻ, നോർത്ത് എസ്ഐ വിബിൻദാസ്, സിപിഒമാരായ അഫ്സൽ, ഉസ്മാൻ, സാനു, വിനോദ്, സാനുമോൻ എന്നിവർ അടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
ഐസ്മെത്ത് എന്ന മെത്താ ഫിറ്റമിൻ
ഇന്നലെ പിടികൂടിയ ഐസ്മെത്ത് എന്ന മെത്താം ഫിറ്റമിൻ മയക്കുമരുന്ന് ഐസ്, സ്പീഡ് എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡീ ഞെരന്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ലഹരി വസ്തുവിന് സ്പീഡ് എന്ന അപരനാമം ലഭിച്ചത്. പാർട്ടി ഡ്രഗ് ആയി സ്ത്രീകൾ കൂടുതലായും ഉപയോഗിച്ച് കാണുന്ന ഐസ്മെത്ത് അപൂർവമായി മാത്രം കിട്ടുന്നതിനാൽ ലഹരി ഉപഭോക്താക്കൾക്കിടയിൽ വൻ ഡിമാൻറാണെന്നു പോലീസ് പറയുന്നു.
മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാൻ ഇതിന്റെ ഉപയോഗംമൂലം സാധിക്കുമത്രേ. ഒരാളുടെ ശരീരത്തിൽ ഈ മയക്കുമരുന്ന് ഒരു ഗ്രാം എത്തിയാൽ പത്ത് മുതൽ പതിനാറ് മണിക്കൂർ വരെ ലഹരി നിലനിൽക്കും. അതിയായ ആഹ്ലാദവും ചെയ്ത പ്രവൃത്തികൾ വീണ്ടും വീണ്ടും ചെയ്യുന്നതും ഈ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണമാണെന്നാണു പോലീസ് പറയുന്നത്. അമിതമായ ലൈംഗികാസക്തിയും ഇതിലേയ്ക്ക് ലഹരി ഉപഭോക്താക്കളെ ആകർഷിക്കുന്നതായി അധികൃതർ പറയുന്നു.