കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതിയായി ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണ മെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്നു വിധി പറഞ്ഞേക്കും.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിനെ ഗവ. ആശുപത്രിയിലേക്കു മാറ്റാന്‍ കഴിയുമോയെന്ന കാര്യവും കോടതി ഇന്നു വ്യക്തമാക്കും.
ഗവ. ആശുപത്രിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ മാറ്റാന്‍ കഴിയുമോയെന്നു വ്യക്തമാക്കണമെന്നും ഇപ്പോഴത്തെ ചികിത്സാ സൗകര്യമുള്ള ഗവ. ആശുപത്രിയെക്കുറിച്ചുള്ള വിവരം സമര്‍പ്പിക്കണമെന്നും ഡിഎംഒയോട് കോടതി അറിയിച്ചിട്ടുണ്ട്.
ചികിത്സയിലിരുന്ന ആശുപത്രിയില്‍നിന്നും മാറ്റിയാല്‍ ഇബ്രാഹിംകുഞ്ഞിന്റെ ജീവനും ആരോഗ്യത്തിനും കുഴപ്പം ഉണ്ടാകാതെ ചെയ്യാന്‍ കഴിയുമോ എന്നുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി നിലവിലെ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടാനാകില്ലെന്നു നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണു അപേക്ഷ കോടതി ഇന്നത്തേക്കു പരിഗണിക്കാനായി മാറ്റിയത്.
ഇബ്രാഹിംകുഞ്ഞിന് അതീവ ഗുരുതരമായ രോഗാവസ്ഥയുള്ളതിനാല്‍ പോലീസ് കസ്റ്റഡി അനുവദിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ലെന്നാണു മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ നിരീക്ഷിച്ചത്.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത ചെയര്‍മാനായി ഏഴ് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ കാന്‍സറും ഹൃദ്രോഗവും പ്രമേഹവുമാണെന്നാണു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത ചെയര്‍മാനായി ജനറല്‍ മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജി. മനോജ്, റേഡിയോ ഡയഗ്നോസിസ് കണ്‍സള്‍ട്ടന്‍സി ഡോ. വി.ആര്. മഞ്ജുഷ, കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. പോള്‍ തോമസ്,
റേഡിയോതെറാപ്പിസ്റ്റ് ജൂനിയര്‍ കണ്‍സള്‍ട്ടന്‍സ് ഡോ. നിവിന്‍ ബോസ്, സൈക്യാട്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോണി തോമസ്, റെസ്പിറേറ്ററി മെഡിസിന് ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ രേഖാ തോമസ്,
കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ജോര്‍ജ് എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ നല്‍കിയത്.
അതിനിടെ, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 13 -ാം പ്രതി നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ ഡി.വി. നാഗേഷിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണു ഇന്നു വിധി പറയുക.