കളമശേരി: മുസ്ലീം ലീഗിലെ ഗ്രൂപ്പുപോരും മുന്നണിക്ക് നേതൃത്വം നൽകുന്ന കോണ്‍ഗ്രസിലെ എതിർപ്പും മറികടന്ന് കളമശേരി സിറ്റിംഗ് സീറ്റ് ഇബ്രാഹിം കുഞ്ഞ് മകനിലൂടെ ഉറപ്പാക്കുമെന്ന് സൂചന.
മുസ്ലീം ലീഗിന്റെ ആദ്യ സാധ്യതാ പട്ടികയിൽ മകൻ വി.ഇ. അബ്ദുൾ ഗഫൂറിന്റെ പേര് കയറിക്കൂടിയതിൽ ഇബ്രാഹിം കുഞ്ഞ് വിഭാഗം ആശ്വാസത്തിലായിരിക്കുകയാണ്.
പാലാരിവട്ടം പാലം, ചന്ദ്രിക കേസുകളിൽ ഉൾപ്പെട്ട ഇബ്രാഹിം കുഞ്ഞിന് മൂന്നാം തവണയും കളമശേരി നിയോജക മണ്ഡലം നൽകുന്നതിനെതിരേ കോണ്‍ഗ്രസും ലീഗിലെ അഹമ്മദ് കബീർ വിഭാഗവും നിലപാടെടുത്തിട്ടുണ്ട്.
കളമശേരി നിവാസിയായ അഹമ്മദ് കബീറിനെ തഴഞ്ഞ് ആലുവ നിവാസിയായ ഇബ്രാഹിം കുഞ്ഞിന് സീറ്റ് കൊടുത്ത നാൾമുതൽ ഇരുപക്ഷവും കടുത്ത ശത്രുതയിലാണ്.
പാർട്ടി സീറ്റ് പാരന്പര്യ സ്വത്താക്കുന്നതിൽ ലീഗിലെ കബീർ വിഭാഗം ശക്തമായ നിലപാടെടുക്കാൻ ഒരുങ്ങുകയാണ്. പോഷക സംഘടനകളിലും ഈ ചേരി പ്രകടമാണ്.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നര വർഷത്തിനു ശേഷമാണ് പാർട്ടിക്ക് ജില്ലാ കമ്മിറ്റി പോലും ചേരാനായത്.
ആദ്യകാല നേതാവും മങ്കട എംഎൽഎയുമായ അഹമ്മദ് കബീർ ഒരു പക്ഷത്തും മുൻ പൊതുമരാമത്ത് മന്ത്രിയും കളമശേരി എംഎൽഎയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് മറുപക്ഷത്തുമായാണ് കളമശേരിയിൽ ലീഗ് പ്രവർത്തകരുടെ ചേരിയുള്ളത്.
കളമശേരിയിലെ തർക്കത്തിനു പരിഹാരം എന്ന നിലയിൽ അഹമ്മദ് കബീറിന് ലീഗ് നേതൃത്വം മങ്കട സീറ്റ് നൽകുകയായിരുന്നു.
ഇബാഹിം കുഞ്ഞ് മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് വിട്ടുതരണമെന്നാണ് കബീർ വിഭാഗത്തിന്റെ ഇപ്പോഴത്തെ ആവശ്യം.
എന്നാൽ വിവാദങ്ങൾ ഒഴിവാക്കാനെന്ന പേരിൽ സീറ്റ് തനിക്ക് നൽകിയില്ലെങ്കിൽ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ മകന് നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് നേരത്തേ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി കോടതിയുടെ അനുമതി നേടി മലപ്പുറത്ത് എത്തി ആവശ്യപ്പെടുകയും ചെയ്തു.