കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്നു സംശയമുണ്ടെന്നു ഹൈക്കോടതി.
ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.
കോടതിയുടെ പ്രതികൂല നിരീക്ഷണത്തെത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. രോഗം ഗുരുതരമാണെന്നു പറഞ്ഞു ജാമ്യം നേടിയശേഷം ഇബ്രാഹിം കുഞ്ഞ് പല പൊതുപരിപാടികളിലും പങ്കെടുത്തു.
രോഗബാധിതനായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു നിയമസഭയില്‍ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്നു മറുപടി നല്‍കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പാലാരിവട്ടം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കി ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍, ജാമ്യവ്യവസ്ഥയില്‍ ഇളവു നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമിടയുണ്ടെന്നും വാദിച്ചു.
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണ വിധേയനാണെന്നും സ്റ്റേറ്റ് അറ്റോണി ബോധിപ്പിച്ചു.
കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോൾ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.
സംസ്ഥാനത്തെ വിവിധ മസ്ജിദുകളിൽ പ്രാര്‍ഥന നടത്താന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ഇതിനു തടസമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി നോട്ടീസ് അയച്ചു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.