കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.
ആത്മഹത്യാപ്രേരണക്കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരേ ചുമത്തിയിരിക്കുന്നത്. ഇന്നു രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഐസി ബാലകൃഷ്ണന് വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനു ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണു നീക്കം.
ഡിവൈഎസ്പി ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. അതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കും. എംഎല്‍എക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെ കേസിലെ മറ്റ് പ്രതികളായ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും കെ.കെ. ഗോപിനാഥിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയയശേഷം വിട്ടയച്ചിരുന്നു. ഇവര്‍ രണ്ടുപേരും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥന്റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി.