സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വയനാട്ടുകാരോട് കാണിക്കുന്ന വഞ്ചനാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് എന്‍എച്ച് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പാത തുറക്കുന്നതിന് അനൂകൂലമായ സമീപനമല്ല സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നത്.
സമീപകാലത്തെ നടപടികള്‍ അത് വ്യക്തമാക്കുന്നു. സുപ്രീം കോടതിയില്‍ നല്‍കാനായി തയാറാക്കിയ അഫിഡവിറ്റില്‍ ബദല്‍ പാതകള്‍ തിരുകിക്കയറ്റി ജില്ലയിലെ സിപിഎം കണ്ണൂര്‍ ലോബിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ്.
എംഎല്‍എമാരടക്കം യോഗം ചേര്‍ന്ന് അഫിഡവിറ്റ് തയാറാക്കാനാണ് മന്ത്രിതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ യോഗം ചേരുന്നതിന് നിശ്ചയിച്ച തീയതിക്കുമുമ്പ് വയനാട്ടിലെ ജനപ്രതിനിധികളെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് നല്‍കിയത് പൊറുക്കാനാവാത്ത വഞ്ചനയാണ്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം ലക്ഷ്യമാക്കി പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന രഹസ്യ അജണ്ടകളുടെ പേരില്‍ വയനാടിന്റെ ദേശീയപാത നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ല. പ്രതിപക്ഷത്തായിട്ടും പ്രൊട്ടക്ഷന്‍ കമ്മിറ്റിയില്‍ യുഡിഎഫ് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് റോഡ് തുറന്ന് കിട്ടുക എന്ന ലക്ഷ്യം വെച്ചായിരുന്നു.
യുഡിഎഫിനെ ആക്ഷൻ കമ്മിറ്റിയുടെ പേരില്‍ തളച്ചിട്ട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം തണുപ്പിക്കുക എന്ന വഞ്ചനയുടെ രാഷ്ട്രീയമാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയത്. കേരളം ഇതുവരെ കാണാത്ത പ്രക്ഷോഭം യുവജനങ്ങളുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടന്നപ്പോള്‍ സമരത്തിന് ലഭിച്ച ജനപിന്തുണ ഇരു സര്‍ക്കാരുകളേയും അങ്കലാപ്പിലാക്കിയിരുന്നു.
രണ്ട് മന്ത്രിമാരും ബിജെപിയുടെ ഉന്നത നേതാക്കളും നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. സമരപന്തലില്‍ പ്രഖ്യാപിച്ച ഒരു തീരുമാനവും നടപ്പാക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും ഇതുവരെ കഴിഞ്ഞില്ല.
ദേശീയപാതക്ക് പകരം തലശേരി-മൈസൂര്‍ റെയില്‍വേ പാത പരിഗണിക്കാവുന്നത് ആണെന്ന് കാണിച്ച് നിലവില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്കിയ അഫിഡവിറ്റ് തിരുത്തി നല്‍കും, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം റോഡ് തുറക്കുന്നതിന് അനുകൂലമായ സത്യവാങ്മൂലം കോടതിയില്‍ നല്‍കും, കേന്ദ്ര വനം മന്ത്രാലയത്തിന്റെ കീഴില്‍ ഉപസമിതി രൂപീകരിച്ച് വയനാട്ടിലടക്കം സിറ്റിംഗ് നടത്തി പാത തുറക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ നല്‍കും എന്നീ തീരുമാനങ്ങളാണ് മന്ത്രിമാരും, സിപിഎം-ബിജെപി നേതാക്കളും സമര പന്തലില്‍ പ്രഖ്യാപിച്ചിരുന്നത്.
നിരാഹാര സമരം അവസാനിച്ച് അഞ്ച് മാസമാകുമ്പോള്‍ ഇതില്‍ ഏത് തീരുമാനമാണ് നടപ്പിലാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. യോജിപ്പിന്റെ അന്തരീക്ഷം തകരുന്നത് റോഡ് തുറക്കുന്നതിനായുള്ള പരിശ്രമങ്ങളെ ഇല്ലാതാക്കരുതെന്ന് കരുതിയാണ് ആക്ഷന്‍ കമ്മിറ്റിയില്‍ ഇത്രയും കാലം തുടര്‍ന്നതെന്ന് എംഎല്‍എ പറഞ്ഞു.
വയനാടിന്റെ ദേശീയപാത ഇല്ലാതാക്കി കണ്ണൂര്‍ ജില്ല വികസിപ്പിക്കുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ വയനാട്ടുകാരെ അണിനിരത്തി യുഡിഎഫ് അതിനെ ചെറുത്ത് തോല്‍പ്പിക്കും.
വയനാട് എംപി രാഹുല്‍ഗാന്ധി നിയോഗിച്ച അഭിഭാഷകന് കബില്‍ സിബലിന്റെ നേതൃത്വത്തില്‍ പാത തുറക്കുന്നതിനായി കോടതിയില്‍ യുഡിഎഫ് ശക്തമായി വാദിക്കും.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ ഇടത്-ബിജെപി സര്‍ക്കാരുകളുടെ സമീപനം വയനാടിന് അനുകൂലമാക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കെ.കെ. ഏബ്രഹാം, കണ്‍വീനര്‍ ടി. മുഹമ്മദ്, ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്, ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. അയൂബ് എന്നിവരും
പങ്കെടുത്തു.