മുംബൈ: ആഗോള ക്രിക്കറ്റിന്റെ ഘടനതന്നെ മാറ്റുന്ന നീക്കവുമായി ഐസിസി. ശനിയാഴ്ച ചേര്‍ന്ന ഐസിസി മീറ്റിംഗിലാണ് പുതിയ സാമ്പത്തിക മോഡല്‍ അവതരിപ്പിച്ചത്. ക്രിക്കറ്റിലെ വന്‍ശക്തികളായ ഇന്ത്യ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ത്രിമൂര്‍ത്തികള്‍ക്ക് ഐസിസിയില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതത്തില്‍ കാര്യമായ കുറവുണ്ടാക്കുന്നതാണ് പുതിയ സാമ്പത്തിക മോഡല്‍. ഐസിസിയുടെ ഈയൊരു നീക്കത്തില്‍ ബിസിസിഐ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തുകയും ചെയ്തു.
ഏപ്രിലില്‍ നടക്കുന്ന ഐസിസി മീറ്റിംഗില്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് പദ്ധതി.ഏഴു രാജ്യങ്ങള്‍ പുതിയ രീതിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച വിക്രം ലിമായെ എതിര്‍ത്ത് വോട്ട് ചെയ്തു. ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തപ്പോള്‍ സിംബാബ്വെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
ബിസിസിഐയുടെ മുന്‍ പ്രസിഡന്റും ഐസിസിയുടെ ഇപ്പോഴത്തെ സ്വതന്ത്ര ചെയര്‍മാനുമായ ശശാങ്ക് മനോഹറാണ് ഈ ആശയം മുമ്പോട്ടുവച്ചത്. ലാഭവിഹിതത്തിന്റെ സിംഹഭാഗം ഇന്ത്യ അര്‍ഹിക്കുന്നില്ലെന്നായിരുന്നു മനോഹര്‍ പറഞ്ഞത്. നിലവിലുള്ള വരുമാന പദ്ധതി പ്രകാരം വരുമാനത്തിന്റെ 20.3 ശതമാനവും ബിസിസിഐക്കാണ് ലഭിച്ചുകൊണ്ടിരുന്നത്. പുതിയ മോഡല്‍ പ്രകാരം വരുമാനത്തില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടാകും.
14 വര്‍ഷമാണ് പുതിയ വരുമാന പദ്ധതിയുടെ കാലാവധി. ഇതു പ്രകാരം ഏകദേശം 3000 കോടിയുടെ വരുമാന നഷ്ടമാണ് ബിസിസിഐക്കുണ്ടാവുക. സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗമായ വിക്രം ലിമായെയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഓരോ ബോര്‍ഡുകളുടെയും പ്രതിനിധികളോട് വോട്ട് ചെയ്യാന്‍ ശശാങ്ക് മനോഹര്‍ ആവശ്യപ്പെട്ടു. അന്തിമ അനുമതി ഏപ്രിലിലെ യോഗത്തിലായിരിക്കും നല്‍കുക.
ഈ പദ്ധതി നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും മനോഹര്‍ ദ്രുതഗതിയില്‍ തീരുമാനമെടുക്കുകയായിരുന്നു. ഈ വ്യത്യാസങ്ങള്‍ എങ്ങനെ ഐസിസി ഫലത്തില്‍ കൊണ്ടുവരും?,അതോ മാറ്റങ്ങള്‍ വരുത്താനും വോട്ടെടുപ്പ് വേണ്ടിവരുമോ?, ആരാണ് ഈ പുതിയ സാമ്പത്തിക മോഡല്‍ ഇത്രയും കൊണ്ടെത്തിച്ചത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശശാങ്ക് മനോഹര്‍ വിസമ്മതിച്ചു.
105 അംഗങ്ങളോടും ഇതേക്കുറിച്ച് പറയാനും മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യാനും ഐസിസി ബാധ്യസ്ഥരാണ്. താന്‍ പുതിയ പദ്ധതിയെ എതിര്‍ത്താണ് വോട്ടു ചെയ്തതെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് നാലുദിവസം മാത്രമാണ് പ്രായമെന്നും പറഞ്ഞ ലിമായെ മുന്‍ ബിസിസിഐ ഭാരവാഹികളുടെ താത്പര്യം കൂടി അറിഞ്ഞ ശേഷം മാത്രം മുമ്പോട്ടു പോകുമെന്നും വ്യക്തമാക്കി.
കൂടുതല്‍ സമത്വപരമായ വീതം വയ്പായിരിക്കും പുതിയ പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് മനോഹര്‍ പറയുന്നത്. ഇത് ബിഗ് ത്രീ രാജ്യങ്ങള്‍ക്കു മാത്രമായിരിക്കും തിരിച്ചടിയാവുക. ചാന്പ്യൻസ് ട്രോഫി അടക്കമുള്ള സിസി ടൂർണമെന്റുകളിൽനിന്ന് പിന്മാറുന്നതിനേക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.