ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഐസിസി. ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന ഐസിസിയുടെ വാർഷിക യോഗത്തിലാണ് രണ്ട് പുതിയ നിയമങ്ങൾക്ക് അംഗീകാരം നല്കിയത്. സ്ലോ ഓവർ റേറ്റ്, കണ്കഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്നിവയിലാണ് പുതിയ നിയമം ഐസിസി കൊണ്ടുവന്നു. ഓഗസ്റ്റ് ഒന്നു മുതൽ ഇവ പ്രാബല്യത്തിൽവരും.
1. പിഴ ക്യാപ്റ്റനു മാത്രമല്ല
സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇനി മുതൽ ടീം ക്യാപ്റ്റന്മാർ ക്രൂശിക്കപ്പെടില്ല. നിലവിൽ ഒരു ടീം സ്ലോ ഓവർ റേറ്റ് വഴങ്ങിയാൽ ക്യാപ്റ്റനാണ് ശിക്ഷിക്കപ്പെടുക. മാച്ച് ഫീയിൽനിന്ന് പിഴയോ മത്സരത്തിൽനിന്ന് സസ്പെൻഷനോ ക്യാപ്റ്റൻ നേരിടേണ്ടിവരാറാണ് പതിവ്. തുടർച്ചയായ ടീം സ്ലോ ഓവർ റേറ്റ് ആയാലാണ് ക്യാപ്റ്റൻ സസ്പെൻഷൻ നേരിടേണ്ടിവന്നിരുന്നത്. എന്നാൽ, ഇനി മുതൽ ടീം ഒന്നടങ്കം പിഴയും നെഗറ്റീവ് മാർക്കും വഴങ്ങേണ്ടിവരും.
2. കണ്കഷൻ സബ്സ്റ്റിറ്റ്യൂട്ട്
കണ്കഷൻ സബ്സ്റ്റിറ്റ്യൂട്ടിന് ഇനി മുതൽ ബാറ്റിംഗും ബൗളിംഗും ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു നിയമം. പ്ലേയിംഗ് ഇലവനിലെ ആർക്കെങ്കിലും തലയ്ക്കു പരിക്കേറ്റാൽ കളത്തിലെത്തുന്ന പകരക്കാരനെയാണ് കണ്കഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്ന് വിളിക്കുന്നത്. നിലവിൽ ഇത്തരം സബ്സ്റ്റിറ്റ്യൂട്ടുകൾക്കും മറ്റ് സബ്സ്റ്റിറ്റ്യൂട്ടുകളെപ്പോലെ ഫീൽഡ് ചെയ്യാനുള്ള അനുമതിയേ ഉള്ളൂ.
മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ് രക്തമൊലിപ്പിച്ച് കളിതുടരുന്നതും താരങ്ങൾ പുറത്തുപോകുന്നതോടെ ടീമിന് ഒരംഗത്തെ കുറയുന്നതും പരിഗണിച്ചാണ് ഐസിസിയുടെ പുതിയ തീരുമാനം. അടുത്ത മാസം ഒന്നാം തീയതി ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് മുതൽ ഈ നിയമവും പ്രാബല്യത്തിൽവരും. ആഭ്യന്തര ക്രിക്കറ്റിൽ രണ്ട് വർഷമായി നടത്തിയ പരീക്ഷണങ്ങൾക്കുശേഷമാണ് ഐസിസി രാജ്യാന്തര തലത്തിൽ ഇതു നടപ്പിൽവരുത്തുന്നത്.
2014ൽ ഓസ്ട്രേലിയയുടെ ഫിൽ ഹ്യൂസ് മരണപ്പെട്ടതു മുതൽ ലോകകപ്പിനിടെ ഓസീസ് വിക്കറ്റ് കീപ്പറായ അലക്സ് കാരെയുടെ താടി മുറിഞ്ഞ് രക്തം വാർന്നതുവരെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഐസിസിയുടെ തീരുമാനം.