ദുബായ്: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിയിരിക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ സിഇഒ ജെഫ് അലാർഡൈസ് സ്ഥാനമൊഴിഞ്ഞു. അലാർഡൈസ് രാജിവയ്ക്കാൻ കാരണമെന്തെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
യുഎസിൽ കഴിഞ്ഞ വർഷം നടന്ന ട്വന്റി 20 ലോകകപ്പിൽ സ്റ്റേഡിയങ്ങളുടെ അവസ്ഥയും ബജറ്റിൽ പറഞ്ഞതിലും കൂടുതൽ ചെലവാക്കി ഐസിസിക്കു നഷ്ടം വരുത്തിയതുമാണ് ഐസിസി വൃത്തങ്ങളിൽനിന്നു വരുന്ന കാരണങ്ങൾ.
ചാന്പ്യൻസ് ട്രോഫി നടത്തിപ്പിനുള്ള അവകാശം പാക്കിസ്ഥാനു നൽകിയതിലുള്ള വീഴ്ച അലാർഡൈസിനു തിരിച്ചടിയായി. മത്സരങ്ങൾ നടക്കേണ്ട സ്റ്റേഡിയങ്ങളിൽ പലതിന്റെയും നിർമാണം പൂർത്തിയായിട്ടില്ല.
മത്സരങ്ങൾക്കായി റാവൽപിണ്ടിയിലെയും കറാച്ചിയിലെയും വേദികൾ തയാറാക്കുന്നതിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് ഐസിസിയെ അറിയിക്കാൻ പരാജയപ്പെട്ടതും രാജിയിലേക്കു വഴിയൊരുക്കി.
ടി20 ലോകകപ്പിനുശേഷം ഐസിസിയുടെ ഹെഡ് ഓഫ് ഇവന്റ്സ് തലവൻ ക്രിസ് ടെട്ലിയും ജനറൽ മാനേജർ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ക്ലെയർ ഫർലോംഗും രാജിവച്ചിരുന്നു. ആന്റി കറപ്ഷൻ യൂണിറ്റ് തലവൻ അലക്സ് മാർഷലും ഐസിസിയെ വിട്ടുപോയി.