ലാഹോർ: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഐസിസി ചാന്പ്യൻസ് ട്രോഫി ടൂർണമെന്റ് വീണ്ടും നടത്തുന്നത്.
1998ൽ ആരംഭിച്ച ടൂർണമെന്റിന്റെ ഒന്പതാം പതിപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വത്തിനുള്ള അവകാശം നേടിയപ്പോൾ മുതൽ വിവാദങ്ങളും ആരംഭിച്ചു. ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകുമോയെന്ന കാര്യമായിരുന്നു പ്രധാനമായും ചർച്ചയായത്.
അടുത്തവർഷത്തെ ടൂർണമെന്റിന് ഇന്ത്യ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിലിനെ (ഐസിസി) അറിയിക്കുകയും ചെയ്തു.
കേന്ദ്രസർക്കാരിന്റെ തീരുമാനമാണിതെന്ന് ബിസിസിഐ, ഐസിസിയെ അറിയിക്കുകയുംചെയ്തു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്കു മാറ്റിയാൽ ടൂർണമെന്റിൽ ഇന്ത്യ ഉണ്ടാകുമെന്നും ഐസിസിയെ അറിയിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തള്ളി.
മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് പിസിബി പാക്കിസ്ഥാൻ സർക്കാരിന്റെ ഉപദേശം തേടി. എന്നാൽ, സർക്കാർ ഒരു മത്സരം പോലും രാജ്യത്തിനു വെളിയിൽ നടത്താൻ സമ്മതം നൽകിയില്ല.
“പാക്കിസ്ഥാനിൽനിന്ന് ഒരു കളിയും മാറ്റരുതെന്ന് ഞങ്ങളുടെ സർക്കാർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, സമയമാകുന്പോൾ ഞങ്ങളുടെ നിലപാടറിയിക്കും. ഇപ്പോൾ, ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഐസിസി ഞങ്ങളെ അറിയിച്ചു. ഞങ്ങൾക്ക് ചാന്പ്യൻസ് ട്രോഫിയുടെ ആതിഥേയാവകാശമുണ്ട്, അതിനാൽ മത്സരങ്ങൾ പാകിസ്ഥാന് പുറത്തേക്ക് മാറ്റാൻ ഞങ്ങൾക്ക് ഒരു വഴിയുമില്ല, ’’ഒരു പിസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കുഴങ്ങി ഐസിസി
മത്സരങ്ങൾ മുഴുവൻ നാട്ടിൽ തന്നെ നടത്താൻ പാക്കിസ്ഥാൻ താത്പര്യപ്പെടുകയും സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യ അതിർത്തി കടക്കാൻ തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ചാന്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ വിധി എന്താകുമെന്ന് ഒരു ഉറപ്പുമില്ല.
ബിസിസിഐയും പിസിബിയും ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ ടൂർണമെന്റ് വേദി ഐസിസി മാറ്റിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ പാക്കിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കില്ല.
ഇന്ത്യയും പാക്കിസ്ഥാനുമില്ലാതെ ടൂർണമെന്റ് നടത്താമെന്നുവച്ചാൽതന്നെ ഐസിസിക്ക് വലിയ സാന്പത്തികനഷ്ടമുണ്ടാക്കും.
“ഐസിസി ചാന്പ്യൻസ് ട്രോഫിക്ക് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന ബിസിസിഐയുടെ തീരുമാനത്തിനു വ്യക്തത തേടി ഐസിസി കഴിഞ്ഞയാഴ്ച നൽകിയ കത്തിനു മറുപടി നൽകി. മറുപടിയായി, ബിസിസിഐയുടെ തീരുമാനത്തിന്റെ കാരണങ്ങൾ ചോദിച്ച് ഞങ്ങൾ ഐസിസിക്ക് ഒരു ചോദ്യാവലി അയച്ചു. അതറിയാൻ ഞങ്ങൾക്കു താത്പര്യമുണ്ട്. അതിനാൽ ഇപ്പോൾ, മത്സരങ്ങൾ മാറ്റുന്നതിനെതിനെക്കുറിച്ച് സംസാരിക്കുന്നില്ല, ’’പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
എട്ടു ടീമുകൾ പങ്കെടുക്കുന്ന ചാന്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് ഒന്പത് വരെയാണ്. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ നഗരങ്ങളിലാണ് മത്സരങ്ങൾക്കു വേദിയാകുക.
കഴിഞ്ഞ വർഷം പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച ഏഷ്യാ കപ്പിനു മുന്പുള്ള ദിവസങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് ചാന്പ്യൻസ് ട്രോഫിയിൽ ഇപ്പോഴുള്ള തർക്കം. 2023 സെപ്റ്റംബറിൽ നടന്ന ടൂർണമെന്റിനു മുന്നോടിയായി, പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയായിരുന്നു.
അതേസമയം ടൂർണമെന്റിന്റെ ഏക ആതിഥേയർ എന്ന നിലപാടിൽ പിസിബിയും ഉറച്ചുനിന്നു. അവസാനം ഏഷ്യാ കപ്പിന്റെ തുടക്കത്തോട് പാക്കിസ്ഥാൻ വഴങ്ങി, ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റി.
രാജ്യങ്ങളുടെ അതിർത്തിയിലുണ്ടായ തർക്കങ്ങളെത്തുടർന്ന് 2013 മുതലാണ് ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം മുറിഞ്ഞത്. ഇതിനുശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരുടീമും കണ്ടുമുട്ടാറുള്ളൂ. 16 വർഷം മുന്പാണ് ഇന്ത്യൻ ടീം പാക്കിസ്ഥാൻ സന്ദർശിച്ചത്.
കഴിഞ്ഞ മാസം ഇസ്ലാമാബാദിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തോടനുബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറും തമ്മിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് മേഖലയിൽ ക്രിക്കറ്റ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾ ഉയർന്നിരുന്നു.