കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ (ഐസിസി- ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) മാർഗരേഖ തയാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ നടക്കും.
ഫിലിം ചേംന്പറിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്നിനാണ് യോഗം ചേരുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും വനിതാ കമ്മിഷൻ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും.
ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്.
ഇതേത്തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനം വന്നതിനു പിന്നാലെ അമ്മ സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചാകും സെൽ രൂപീകരിക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നത്.
അമ്മയ്ക്കു മാത്രമായി ഇനി ഐസിസി ഇല്ല
താരസംഘടനയ്ക്കു മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടാകില്ല. പകരം മുഴുവൻ സിനാമാ മേഖലയ്ക്കും വേണ്ടി ഫിലിം ചേംബറിനു കീഴിൽ ഒറ്റ ഐസിസിയാകും ഉണ്ടാവുക.
ഇതിലേക്ക് അമ്മയിൽനിന്ന് മൂന്നു പ്രതിനിധികൾ ഉണ്ടാകും. വിജയ് ബാബു വിഷയത്തിൽ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽനിന്ന് രാജി സമർപ്പിച്ചവരുടെ രാജി സ്വീകരിച്ചെന്നും ഐസിസിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നേരത്തെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് മാറ്റി നിർത്തിയതെന്നും ഇന്നലെ ചേർന്ന് അമ്മയുടെ വാർഷിക യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.
അതേസമയം ഐസിസിയുടെ ശിപാർശപ്രകാരമാണ് വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് മാറ്റിയതെന്ന് പത്രക്കുറിപ്പിൽ പരാമർശിക്കാതിരുന്നതാണ് താൻ രാജി വയ്ക്കാൻ കാരണമെന്നായിരുന്നു ശ്വേത മേനോന്റെ വിശദീകരണം.
നേരത്തെ, ലൈംഗിക പീഡന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടിമാരായ ശ്വേത മേനോൻ, മാല പാർവതി, കുക്കു പരമേശ്വരൻ എന്നിവർ ഐസിസിയിൽനിന്ന് രാജിവച്ചിരുന്നു.