ദുബായ്: 2021-ൽ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ഐസിസി പ്രഖ്യാപിച്ച ലോക ഇലവനിൽ ഇന്ത്യക്കു നേട്ടം. മൂന്നുപേരാണ് ലോക ഇലവനിലെത്തിയത്. ടെസ്റ്റ് ടീമിൽ മൂന്നുപേരെത്തിയപ്പോൾ ഏകദിന ടീമിൽ ഒരു ഇന്ത്യക്കാരൻ പോലുമില്ല.
രോഹിത് ശർമ ഓപ്പണറായപ്പോൾ ഋഷഭ് പന്ത് വിക്കറ്റ്കീപ്പറായി. ഏക സ്പെഷലിസ്റ്റ് സ്പിന്നറായി ആർ. അശ്വിനുമെത്തി.ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസനാണ് ടീമിനെ നയിക്കുക.
ശ്രീലങ്കയുടെ ദിമുത് കരുണരത്നെയും രോഹിത്തുമാണ് ഓപ്പണർമാർ. വണ്‍ ഡൗണായി ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്ൻ വരും. നാലാമനായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അഞ്ചാമനായി കെയ്ൻ വില്യംസണും കളിക്കും.
ആറാമനായി പാകിസ്ഥാന്റെ ഫവാദ് ആലം ഇടം നേടിയപ്പോൾ ഏഴാമനായി പന്ത് കളിക്കും. അശ്വിൻ, ന്യൂസിലൻഡിന്റെ കൈൽ ജാമിസണ്, പാകിസ്ഥാന്റെ ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരാണ് ബൗളർമാർ. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാനിൽ നിന്നും മൂന്ന് താരങ്ങൾ ടീമിലിടം നേടി.
പുരുഷന്മാരുടെ ലോക ഏകദിന ടീമിലും ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാനായില്ല. വനിതകളുടെ ലോക ഏകദിന ടീമിൽ ഇന്ത്യയിൽ നിന്ന് മിതാലി രാജും ജൂലൻ ഗോസ്വാമിയും സ്ഥാനം കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഹീത്തർ നൈറ്റാണ് നായിക.