കറാച്ചി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ ആണെന്നു പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹക്ക്. ലോകകപ്പ് നടക്കുന്ന യുഎഇയിൽ ഇന്ത്യക്ക് അനുകൂല സാഹചര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യയുടെ പ്രകടനം നമ്മൾ കണ്ടതാണ്. 153 റണ്‍സ് പിന്തുടരാൻ ഇന്ത്യക്കു ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആവശ്യം പോലും വന്നില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പർ 12ലെ പോരാട്ടം ഫൈനലിനു മുന്‍പുള്ള ഫൈനലാണ്. 2017 ചാന്പ്യൻസ് ട്രോഫിയിലും ഇതേ സാഹചര്യമായിരുന്നു. സൂപ്പർ 12ലെ പോരാട്ടത്തിൽ വിജയിക്കുന്ന ടീമിനു പിന്നീട് സമ്മർദമില്ലാതെ കളിക്കാനാകും- ഇൻസമാം വ്യക്തമാക്കി.
സൂപ്പർ 12 നാളെ മുതൽ
ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടം ഗിയർ മാറുന്ന സൂപ്പർ 12 മത്സരങ്ങൾക്കു നാളെ തുടക്കം. സൂപ്പർ 12ലെ ആദ്യമത്സരത്തിൽ ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെയും നേരിടും.
ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗൂപ്പ് രണ്ടിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കൊന്പുകോർക്കും. സന്നാഹമത്സരങ്ങളിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനും ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനും കീഴടക്കിയിരുന്നു.