ഐ സിസി ട്വന്റി-20 ക്രിക്കറ്റിന്റെ ആഗോള ആവേശത്തിനു തുടക്കം കുറിച്ചത് 2007ൽ ദക്ഷിണാഫ്രിക്കയിൽ. പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ അവസാന ഓവർ ത്രില്ലറിൽ ഇന്ത്യ അഞ്ച് റണ്‍സിനു കീഴടക്കിയപ്പോൾ ആവേശത്തിന്റെ പുതിയ അധ്യായത്തിനും തുടക്കമായി. ഒരു ഓവറിൽ ആറ് സിക്സർ അടിച്ച യുവരാജ് സിംഗും കുറച്ച് യുവാക്കളുമായി ദക്ഷിണാഫ്രിക്കയിലെത്തിയ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ ഓർമയിലെ സുഗന്ധമാണ്.
2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിനുശേഷം 2009, 2010, 2012, 2014, 2016, 2021, 2022 എന്നിങ്ങനെ ഏഴ് എഡിഷൻകൂടി നടന്നു. പുരുഷ ട്വന്റി-20 ലോകകപ്പിന്റെ ഒന്‍പതാം എഡിഷനിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. ജൂണ്‍ രണ്ടിന് 2024 ട്വന്റി-20 ലോകകപ്പ് ആവേശത്തിന് കൊടിയേറ്റ്.
ട്വന്റി-20 ലോകപോരാട്ടത്തെ വരവേൽക്കാൻ ആരാധകർ തയാറായിക്കഴിഞ്ഞു. ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രവഴികളിൽ ഇന്ത്യൻ താരങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. ട്വന്റി-20 ലോകകപ്പ് സൂപ്പർ സ്റ്റാറുകളുടെ അപൂർവ കണക്കുകളിലൂടെ ഒരു സഞ്ചാരം…
വിക്കറ്റ് വേട്ടയിൽ ഷക്കീബ്
ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിന്റെ റിക്കാർഡ് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനു സ്വന്തം, 47. ഷാഹിദ് അഫ്രീദി (39), ലസിത് മലിംഗ (38), സയീദ് അജ്മൽ (36) എന്നിവരാണ് പിന്നാലെയുള്ളത്.
ശ്രീലങ്കയുടെ അജന്ത മെൻഡിസ് 2012 ലോകകപ്പിൽ സിംബാബ് വെയ്ക്കെതിരേ നാല് ഓവറിൽ എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച ബൗളിംഗ്. 2014ൽ ലങ്കയുടെ രങ്കണ ഹെരാത് 3.3 ഓവരിൽ മൂന്ന് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് രണ്ടാം സ്ഥാനത്ത്.
സെഞ്ചുറി, സിക്സ്
ട്വന്റി-20 ലോകകപ്പിലെ അതിവേഗ സെഞ്ചുറി വിൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 2016ൽ ഇംഗ്ലണ്ടിനെതിരേ 47 പന്തിൽ ഗെയ്ൽ സെഞ്ചുറി നേടി. ഈ റിക്കാർഡ് ഇത്തവണ തകർന്നാൽ അദ്ഭുതമില്ല. ലോകകപ്പിൽ രണ്ട് സെഞ്ചുറി ഗെയ്ലിനു മാത്രം അവകാശപ്പെട്ടതാണ്.
അതേസമയം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ന്യൂസിലൻഡ് മുൻതാരം ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലാണ്, 2012ൽ ബംഗ്ലാദേശിനെതിരേ 58 പന്തിൽ 123 റണ്‍സ്.ഏറ്റവും കൂടുതൽ സിക്സ് അടിച്ചതിന്റെ റിക്കാർഡും ഗെയ്ലിനു സ്വന്തം, 63. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (35) രണ്ടാം സ്ഥാനത്തുണ്ട്.
വിക്കറ്റിനു പിന്നിൽ ധോണി
ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർ ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയാണ്. 21 ക്യാച്ചും 11 സ്റ്റംപിംഗും ഉൾപ്പെടെ 32 പുറത്താക്കൽ ധോണി നടത്തി. പാക്കിസ്ഥാന്റെ കമ്രാൻ അക്മലാണ് (30) രണ്ടാം സ്ഥാനത്ത്.
ഫീൽഡർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിന്റെ (23) പേരിലാണ്. ഓസീസ് താരം ഡേവിഡ് വാർണർ (21) രണ്ടാമതുണ്ട്. 2024 ലോകകപ്പിൽ വാർണർ ഈ റിക്കാർഡ് തിരുത്താനുള്ള സാധ്യതയുണ്ട്.
റണ്‍ വേട്ടക്കാരൻ കോഹ്ലി
ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് സ്വന്തമാക്കിയതിന്റെ റിക്കാർഡ് ഇന്ത്യൻ സൂപ്പർ സ്റ്റാർ വിരാട് കോഹ്ലിക്കു സ്വന്തം. 2014 എഡിഷനിൽ ആറ് മത്സരങ്ങളിൽനിന്ന് 319 റണ്‍സുമായി കോഹ്ലി ടോപ് സ്കോററായിരുന്നു.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് എന്നതിൽ റിക്കാർഡാണിത്. ട്വന്റി-20 ലോകകപ്പിൽ ഇതുവരെ 1141 റണ്‍സ് കോഹ്ലിക്കുണ്ട്. മഹേല ജയവർധന (1016), ക്രിസ് ഗെയ്ൽ (965), രോഹിത് ശർമ (963), ദിൽഷൻ (897) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 15 മത്സരങ്ങളിൽനിന്ന് 741 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് കോഹ്ലി ഐസിസി ലോകകപ്പിന് എത്തിയിരിക്കുന്നത്. ഐപിഎല്ലിലെ റണ്‍ വേട്ട ലോകകപ്പിലും കോഹ്ലി തുടരുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
എല്ലാ ലോകകപ്പിലും രോഹിത്
ഇതുവരെ നടന്ന എല്ലാ ട്വന്റി-20 ലോകകപ്പിലും കളിച്ച നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു സ്വന്തം. 2007 മുതൽ 2022 വരെയുള്ള എട്ട് ലോകകപ്പിലും രോഹിത് കളിച്ചു. 2024 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ് രോഹിത്.
രോഹിത്തിന് ഒപ്പം ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനും ഇതുവരെ നടന്ന എല്ലാ ട്വന്റി-20 ലോകകപ്പിലും കളിച്ചിട്ടുണ്ട്. ഇത്തവത്തെ ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിലും ഷക്കീബ് ഉണ്ട്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡും രോഹിത് ശർമയ്ക്കു സ്വന്തം. ട്വന്റി-20 ലോകകപ്പിൽ 39 മത്സരങ്ങൾ രോഹിത് കളിച്ചു. എല്ലാ ലോകകപ്പിലുമുണ്ടായിരുന്നെങ്കിലും ഷക്കീബ് അൽ ഹസൻ 36 മത്സരങ്ങളുമായി രോഹിത്തിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.
ശ്രീലങ്കൻ മുൻതാരം തിലകരത്നെ ദിൽഷൻ (35) മൂന്നാം സ്ഥാനത്തുണ്ട്. ഡ്വെയ്ൻ ബ്രാവൊ, ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക്ക്, ഡേവിഡ് വാർണർ എന്നിവർ 34 മത്സരങ്ങൾ വീതം കളിച്ച് നാലാം സ്ഥാനം പങ്കിടുന്നു. ഇതിൽ ഡേവിഡ് വാർണർ മാത്രമാണ് സജീവമായി രംഗത്തുള്ളത്.