ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കൊടുന്പിരിക്കൊണ്ടിരിക്കുന്ന ഈ സമയത്തിനിടെ മറ്റൊരു ചർച്ച പിന്നാന്പുറത്ത് നടക്കുന്നുണ്ട്. ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്.
മലയാളികൾക്കും രാജസ്ഥാൻ റോയൽസ് ആരാധകർക്കും അറിയേണ്ടത് ഒന്നു മാത്രം, സഞ്ജു സാംസണിന് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടംലഭിക്കുമോ? സഞ്ജു ടീമിൽ ഉൾപ്പെടുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ.
ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും വരുംദിനങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽവച്ചായിരിക്കും ഈ കൂടിക്കാഴ്ച. 28ന് നടക്കാനിരിക്കുന്ന ഡൽഹി x മുംബൈ ഐപിഎൽ മത്സരത്തിനുശേഷമായിരിക്കും രോഹിത് – അഗാർക്കർ കൂടിക്കാഴ്ച. മേയ് ഒന്നാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി.
പന്ത് ഉറപ്പിച്ചു
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഋഷ് പന്ത് സ്ഥാനം ഉറപ്പിച്ചെന്ന നിരീക്ഷണം നടത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് എതിരേ 43 പന്തിൽ 88 റണ്‍സുമായി പുറത്താകാതെനിന്ന് പ്ലെയർ ഓഫ് ദ മാച്ച് ആയതോടെയാണിത്. 2024 സീസണ് ഐപിഎല്ലിൽ പന്തിന്റെ മൂന്നാം അർധസെഞ്ചുറിയായിരുന്നു. ഇതോടെ ഈ സീസണിൽ ഒന്‍പത് മത്സരങ്ങളിൽനിന്ന് പന്തിന് 342 റണ്‍സ് ആയി.
ലോകകപ്പ് ടീമിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പന്ത് ഇത്തവണ ഡൽഹി ക്യാപ്പിറ്റൽസിനായി കളത്തിൽ എത്തിയതെന്നതാണ് ശ്രദ്ധേയം. ലോകകപ്പ് ടീമിൽ ഏത് സ്ലോട്ടിലേക്കാണോ ആവശ്യം അതനുസരിച്ചുള്ള നന്പറിലായിരുന്നു പന്ത് ഡൽഹിക്കായി ക്രീസിലെത്തിയത്. മൂന്ന്, നാല്, അഞ്ച്, ആറ് നന്പറായി പന്ത് ഇതിനോടകം ക്രീസിലെത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ 32 പന്തിൽ 51 റണ്‍സ് നേടിയപ്പോൾ മാത്രമാണ് മൂന്നാം നന്പറായി പന്ത് ക്രീസിലെത്തിയത്.
അന്ന് ഡൽഹിയുടെ ഓപ്പണർമാരായ പൃഥ്വി ഷായും (43) ഡേവിഡ് വാർണറും (52) ആദ്യ വിക്കറ്റിൽ 93 റണ്‍സ് സ്കോർ ചെയ്തിരുന്നു. സ്കോറിംഗ് വേഗത നിലനിർത്താനെത്തിയ പന്ത് സിഎസ്കെയ്ക്കെതിരേ തിളങ്ങിയെന്നതും ശ്രദ്ധേയം. ഗുജറാത്തിനെതിരേ 88 നോട്ടൗട്ടുമായി നിന്നത് അഞ്ചാം നന്പറിൽ എത്തിയായിരുന്നു.
നാല്, അഞ്ച് സ്ഥാനങ്ങളിലാണ് ഈ ഐപിഎല്ലിൽ പന്ത് കൂടുതലും കളിച്ചത്. ഇന്ത്യക്കുവേണ്ടി കളിച്ചപ്പോഴും പന്ത് മഹാഭൂരിപക്ഷം സമയവും നാലും അഞ്ചും ബാറ്റിംഗ് പൊസിഷനിലായിരുന്നു.
സഞ്ജു & രാഹുൽ
ഐപിഎൽ 2024 സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മറ്റൊരു കീപ്പർ ബാറ്ററാണ് സഞ്ജു സാംസണ്. രാജസ്ഥാൻ റോയൽസിനുവേണ്ടി മൂന്നാം നന്പറിലാണ് സഞ്ജു കളിക്കുന്നത്. എട്ട് മത്സരങ്ങളിൽനിന്ന് 314 റണ്‍സ് നേടുകയും ചെയ്തു. മൂന്ന് അർധസെഞ്ചുറി ഉൾപ്പെടെയാണ് സഞ്ജുവിന്റെ ഈ മിന്നും ബാറ്റിംഗ്.
അതേസമയം, രാജ്യാന്തര വേദിയിൽ ഇന്ത്യൻ ടീമിനായി സഞ്ജു ഇതുവരെ രണ്ട് തവണ മാത്രമാണ് മൂന്നാം നന്പറിൽ ഇറങ്ങിയത്. ആദ്യ പ്രാവശ്യം ആറും രണ്ടാം തവണ 27ഉം ആയിരുന്നു മൂന്നാം നന്പറിൽ സഞ്ജുവിന്റെ പ്രകടനം. 2023ൽ എട്ട് മത്സരങ്ങളിൽ ഇന്ത്യക്കായി ഇറങ്ങിയ സഞ്ജു നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് ക്രീസിലെത്തിയത്.
2023 ഓഗസ്റ്റ് 20ന് അയർലൻഡിനെതിരേ 34 പന്തിൽ 40 റണ്‍സ് നേടിയതായിരുന്നു 2023ൽ സഞ്ജുവിന്റെ ഉയർന്ന സ്കോർ. അതായത് സഞ്ജു രാജസ്ഥാൻ റോയൽസിൽ കളിക്കുന്ന മൂന്നാം നന്പർ ഇന്ത്യൻ ടീമിലേക്ക് എത്തിക്കഴിയുന്പോൾ ലഭിക്കാൻ സാധ്യതയില്ല. മധ്യനിരയിലേക്ക് മാറുന്പോൾ സഞ്ജുവിന്റെ രാജ്യാന്തര പ്രകടനത്തിൽ സ്ഥിരതയില്ലാതാകുന്നു.
രാജ്യാന്തര മത്സരത്തിൽ സഞ്ജുവിന്റെ ഉയർന്ന സ്കോറായ 77 അയർലൻഡിനെതിരേ ഓപ്പണിംഗ് ഇറങ്ങിയപ്പോഴായിരുന്നു എന്നതും ശ്രദ്ധേയം. സഞ്ജുവിനേക്കാൾ ഋഷഭ് പന്തിന് ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് പരിഗണന ലഭിക്കാനുള്ള സാഹചര്യം ഇതാണ്.
കെ.എൽ. രാഹുലാണ് ഈ ഐപിഎല്ലിൽ (എട്ട് മത്സരങ്ങളിൽനിന്ന് രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 302) ഫോമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ. ലക്നോ സൂപ്പർ ജയന്റ്സിനുവേണ്ടി ഓപ്പണിംഗ് ഇറങ്ങുന്ന രാഹുൽ, ഇന്ത്യക്കായി കളിച്ച 68 ഇന്നിംഗ്സിലും ഓപ്പണറായിരുന്നു. എന്നാൽ, രോഹിത് ശർമ – വിരാട് കോഹ്ലി ഓപ്പണിംഗ് സഖ്യമായിരിക്കും 2024 ട്വന്റി-20 ലോകകപ്പിൽ പരീക്ഷിക്കുക എന്നാണ് സൂചന. അങ്ങനെയെങ്കിൽ രാഹുൽ ടീമിലേക്ക് പരിഗണിക്കപ്പെടില്ല.
അതോടെ ബാക്കപ്പ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു പരിഗണിക്കപ്പെട്ടേക്കും. ഏതായാലും സഞ്ജുവിന് ലോകകപ്പ് വിളി ലഭിക്കാനായി സോഷ്യൽ മീഡിയയിൽ ആവശ്യം ശക്തമായിട്ടുണ്ട്.
ദുബെ/ഹാർദിക്
വിക്കറ്റ് കീപ്പർ ബാറ്റർ എന്നതുപോലെ ഓൾ റൗണ്ടർ സ്ഥാനത്തിനായും ശക്തമായ പോരാട്ടമുണ്ട്. മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ഡ്യയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശിവം ദുബെയും തമ്മിലാണ് ഓൾറൗണ്ടർ സ്ഥാനത്തിനായുള്ള പോരാട്ടം.
ശിവം ദുബെയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്ത് ഈ ഐപിഎല്ലിൽ പലതവണ കണ്ടുകഴിഞ്ഞു. ചെന്നൈക്കായി 169.94 സ്ട്രൈക്ക് റേറ്റിൽ എട്ട് മത്സരങ്ങളിൽനിന്ന് 311 റണ്‍സ് ദുബെ ഇതുവരെ നേടിയിട്ടുണ്ട്. ഇതുവരെ ബൗളിംഗ് ചെയ്തിട്ടില്ല.
മറുവശത്ത് ഹാർദിക് പാണ്ഡ്യ എട്ട് മത്സരങ്ങളിൽനിന്ന് 151 റണ്‍സും നാല് വിക്കറ്റും മാത്രമാണ് നേടിയത്. ലോകകപ്പ് ടീമിൽ ദുബെ സ്ഥാനം ഉറപ്പിച്ചമട്ടാണ്. ഹാർദിക് ഉണ്ടാകുമോ എന്നതാണ് സൂപ്രധാന ചോദ്യം.
ഋഷഭ് പന്ത്
2024 ഐപിഎൽ
മത്സരം: 9
റണ്‍സ്: 342
ഹൈ സ്കോർ: 88*
ശരാശരി: 48.86
100/50: 0/3
സ്ട്രൈക്ക്: 161.32
സഞ്ജു സാംസണ്
2024 ഐപിഎൽ
മത്സരം: 8
റണ്‍സ്: 314
ഹൈ സ്കോർ: 82*
ശരാശരി: 62.80
100/50: 0/3
സ്ട്രൈക്ക്: 152.43