ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ ലോക റാങ്കിംഗിൽ തിരിച്ചടി നേരിട്ട് ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 23 റണ്‍സ് മാത്രം നേടിയ കോഹ്ലി ആദ്യ പത്തു റാങ്കിൽനിന്നു പുറത്തായി.
അഞ്ചു സ്ഥാനം നഷ്ടപ്പെട്ട് നിലവിൽ 12-ാമതാണ് കോഹ്ലി. ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 11 റണ്‍സ് മാത്രം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നാലു സ്ഥാനം പിന്നോട്ടിറങ്ങി പത്തിലെത്തി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
പന്തിന്റെ മുന്നേറ്റം
2022 ഡിസംബറിനുശേഷം ആദ്യമായി ടെസ്റ്റ് വേദിയിലേക്കു തിരിച്ചെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് വൻ നേട്ടമുണ്ടാക്കി. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ് പന്ത്. ചെന്നൈ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 39ഉം രണ്ടാം ഇന്നിംഗ്സിൽ 109ഉം റണ്‍സ് പന്ത് നേടിയിരുന്നു.
ചെന്നൈയിൽ ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ ഒരു സ്ഥാനം മുന്നേറി അഞ്ചിലെത്തി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കുള്ളതും യശസ്വിക്കാണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ അഞ്ചു സ്ഥാനം മുന്നേറി 14ൽ എത്തി.
കോഹ്ലി, പന്ത് ഡൽഹി ടീമിൽ
2024-25 സീസണ് രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡൽഹി സാധ്യതാ പട്ടികയിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവർ. ഡൽഹിയുടെ 84 അംഗ സാധ്യതാ ടീം പട്ടികയിലാണ് കോഹ്ലിയും പന്തും ഉൾപ്പെട്ടത്.
അതേസമയം, വെറ്ററൻ പേസർ ഇഷാന്ത് ശർമ ഉൾപ്പെട്ടില്ല. ഫാസ്റ്റ് ബൗളർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ എന്നിവർ പട്ടികയിലുണ്ട്. 2012ൽ ഉത്തർപ്രദേശിനെതിരേയാണ് ഡൽഹിക്കുവേണ്ടി കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.