കാന്‍ബറ: ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ജയം. ദക്ഷിണാഫ്രിക്ക 113 റണ്‍സിനു തായ്ലന്‍ഡിനെ കീഴടക്കി.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ലീസെലി ലീയുടെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 195 റണ്‍സെടുത്തു.
60 പന്തില്‍ 16 ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയിലായിരുന്നു ലീ 101 റണ്‍സിലെത്തിയത്. സ്യൂന്‍ ലൂസ് (41 പന്തില്‍ 61), ചാളോ ട്രയന്‍ (11 പന്തില്‍ 24) എന്നിവരും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചു. വന്‍ സ്കോറിനെതിരേ ബാറ്റ് ചെയ്ത തായ്ലന്ഡ് 19.1 ഓവറില്‍ 82 റണ്‍സിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ഒരിക്കല്‍ക്കൂടി ഫോമിലെത്തിയതോടെ ഇംഗ്ലണ്ട് വിജയംകുറിച്ചു. ടോസ് നേടിയ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. എന്നാല്‍ ഹീതര്‍ നൈറ്റ് (47 പന്തില്‍ 62), നതാലി സിവര്‍ (29 പന്തില്‍ 36), ഫ്രാന് വില്‍സണ്‍ (19 പന്തില്‍ 22) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 157ലെത്തിച്ചു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ ലക്ഷ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരിക്കല്‍പ്പോലും പാക്കിസ്ഥാനായില്ല. 19.4 ഓവറില്‍ പാക്കിസ്ഥാന് ഓള്‍ഔട്ടായി. 41 റണ്‍സ് നേടിയ അലിയ റിയാസ് ആണ് പാക്കിസ്ഥാന്റെ ടോപ്സ്കോറര്‍.
സെമി ഫൈനലിനു മുമ്പ് ബാറ്റിംഗിലെ പോരായ്മകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.