ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ കിരീട പോരാട്ടമാണ് ഏകദിന ലോകകപ്പ്. ഇംഗ്ലണ്ടില്‍ മേയ് അവസാനം മുതലാണ് ലോകകപ്പിന് തുടക്കമാകുക. കങ്കാരുപ്പടയാണ് നിലവിലെ ജേതാക്കള്‍. ഇംഗ്ലീഷ് മണ്ണില്‍ ഏതൊക്കെ ടീമുകളാവും ഫേവറേറ്റുകള്‍ എന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി 99 ദിവസങ്ങളാണു ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന്. നിലവിലെ ചാന്പ്യൻമാരായ ഒാസീസും ഇന്ത്യയും തന്നെയാണ് ഫേവറേറ്റുകൾ. പത്തു ടീമുകളാണ് ഇക്കുറി. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാത്തതിനാൽ ഓരോ ടീമും ഒന്‍പത് മത്സരം വീതം കളിക്കണം. ഓരോ ടീമും പരസ്പരം ഏറ്റുമുട്ടി ആദ്യ നാലു ടീമുകൾ സെമിയിലെത്തും.
കപ്പുയർത്താൻ ഇന്ത്യ
നിലവിലെ പ്രകടനം പരിശോധിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. ഏകദിന റാങ്കിംഗില്‍ രണ്ടാമത്. കിംഗ് കോഹ്ലി നയിക്കുന്ന ടീം ഫോമിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ശക്തര്‍. കോഹ്ലി നയിക്കുന്ന ടീം യുവതാരസംഘമാകും. വെറ്ററന്‍ താരം ധോണി കൂടി ലോകകപ്പ് സംഘത്തിലുണ്ടായാല് ടീം ഏറെക്കുറെ സന്തുലിതമാവും.
ബാറ്റിംഗില്‍ നായകന് കോഹ്ലിയും രോഹിത് ശര്‍മയും ഏത് ടീമിനും പേടിസ്വപ്നമാണ്. ബുംറയും ഭുവനേശ്വർ കുമാറും കുൽദീപ് യാദവ്, മുഹമ്മദ് ഷാമി എന്നിവരുമുള്ള ബൗളിംഗ്നിരയും സമീപകാലത്തെ മികച്ച സംഘമാണ്. വിദേശത്ത് ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളെയും പരാജയപ്പെടുത്തിയതിന്റെ കരുത്തുമായാണ് കോഹ്ലിയും സംഘവും ലോകകപ്പിനെത്തുന്നത്.
99 ആവർത്തിക്കാൻ ഓസീസ്
നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. എല്ലാ ലോകകപ്പുകളിലും ശക്തമായ ടീമുകളിലൊന്നാണ് മഞ്ഞക്കുപ്പായക്കാര്‍. കൂടുതല്‍ തവണ ലോകകപ്പുയര്‍ത്തി എന്ന ഖ്യാതി ഓസീസ് ടീമിന്റെ കരുത്ത് കൂട്ടുന്നു. അതേസമയം സൂപ്പര്‍താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പന്തിൽ കൃത്രിമം കാട്ടിയതിനു വിലക്കിലായത് അന്താരാഷ്ട്ര തലത്തിൽ ഒാസ്ട്രേലിയയുടെ വിലയിടിയാൻ കാരണമായി. കുറച്ചു നാളായി ഓസീസ് അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ഏകദിന റാങ്കിംഗില്‍ നിലവില്‍ ആറാമതാണ് ഓസ്ട്രേലിയ. എന്നാല്‍, ലോകകപ്പിന് മുന്‍പ് ഇരുവരും തിരിച്ചെത്തുമെന്നതും മികച്ച ബൗളിംഗ് നിരയും ഓസീസിന് സാധ്യത നല്കുന്നു.
ഞെട്ടിക്കാൻ പാക്കിസ്ഥാൻ
പാക്കിസ്ഥാൻ എല്ലാക്കാലത്തും അനിശ്ചിതത്വത്തിന്റെ കളിയാണ് പുറത്തെടുത്തിട്ടുള്ളത്. അവരുടെ ദിവസങ്ങളിൽ അവർ ആരേയും തോൽപ്പിക്കും. ചിലപ്പോൾ വളരെ ദുർബലരോടു വലിയ മാർജിനിൽ തോൽക്കും. ലോകോത്തര താരങ്ങളുടെ പട്ടികയിൽ എല്ലാക്കാലത്തും പാക്കിസ്ഥാൻ താരങ്ങൾ ഇടംപിടിക്കുകയും ചെയ്യും. കോഴയുടെയും ഒത്തുകളിയുടെയും പേരിൽ ഏറ്റവും അധികം പഴികേട്ടിട്ടുള്ളതും പാക്കിസ്ഥാൻ ടീമാണ്. 1992 ൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ലോകകപ്പ് ഉയർത്തിയ ടീമാണ് പാക്കിസ്ഥാൻ.
ഇത്തവണ ലോകകപ്പിനെത്തുന്പോൾ പാക്കിസ്ഥാൻ ടീമിൽ വലിയ പ്രതീക്ഷകൾ ആരാധകർക്കില്ല. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശടീമുകൾ നിരവധിതവണ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. സർഫ്രസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ ടീം യുവതാരങ്ങളാൽ സന്പന്നരാണ്. മുഹമ്മദ് അമീർ, ഉസ്മാൻ ഷിൻവാരി, ഹസൻ അലി, ബാബർ അസം എന്നിവരുടെ പ്രകടനങ്ങളാവും പാക്കിസ്ഥാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം പകരുക.
ദൗർഭാഗ്യമകറ്റാൻ ദക്ഷിണാഫ്രിക്ക
എല്ലാ ലോകകപ്പിലും വലിയ പ്രതീക്ഷകളോടെത്തി നിരാശപ്പെടുത്തി പുറത്തായിട്ടുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. 1992 ലാണ് ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക അരങ്ങേറുന്നത്. വർണവിവേചനത്തെ തുടർന്നായിരുന്നു അവർക്ക് ലോകകപ്പ് ക്രിക്കറ്റ് അന്യമായിരുന്നത്. അരങ്ങേറ്റ വർഷത്തിൽ സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് മഴ നിയമമായിരുന്നു. മഴയ്ക്കു ശേഷം ലക്ഷ്യം പുനഃക്രമീകരിച്ചപ്പോൾ ഒരു പന്തിൽ നിന്ന് 22 റൺസ് എന്ന അസാധ്യ ലക്ഷ്യമായിരുന്നു അവർക്കു മുന്നിലുണ്ടായിരുന്നത്.
പിന്നീട്, മൂന്നു തവണ കൂടി അവർ സെമിയിൽ കടന്നെങ്കിലും പരാജയമായിരുന്നു ഫലം. 1996 ൽ ഒരിക്കൽ ജയത്തിന്റെ വക്കിൽ നിന്നും അവർ പരാജയപ്പെട്ടിട്ടുണ്ട്. ഒരു റൺ മാത്രം അകലെ നിൽക്കെ അലൻ ഡൊണാൾഡ് റൺഔട്ടാവുകയായിരുന്നു. ഒാൾ റൗണ്ടർമാരാൽ സന്പന്നമായിരുന്നു അക്കാലത്ത് ദക്ഷിണാഫ്രിക്കൻ ടീം.
ലാൻസ് ക്ലൂസ്നറും ജോണ്ടി റോഡ്സും അലൻ ഡൊണാൾഡും കത്തിനിന്നിരുന്ന പ്രതാപകാലത്ത് സാധിക്കാതെ പോയ ലോകകപ്പ് നേട്ടം അവരുടെ യുവതലമുറയ്ക്കു സാധിക്കുമോയെന്നു കാത്തിരിക്കുകയാണ് ആരാധകർ. എബി ഡിവില്യേഴ്സും സ്റ്റാർ ബൗളർ മോൺ മോർക്കലും വിരമിച്ചതും ദക്ഷിണാഫ്രിക്കയുടെ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. ഡേവിഡ് മില്ലർ എന്ന ഇടം കൈയൻ ബാറ്റ്സ്മാനിലാണ് ഇത്തവണ ദക്ഷിണാഫ്രിക്ക പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ഫഫ് ഡുപ്ലസി, ഹഷിം അംല എന്നീ പരിചയ സന്പന്നരുമുണ്ട്.
കറുത്ത കുതിര ന്യൂസിലൻഡ്
ലോകകപ്പ് ക്രിക്കറ്റിൽ എല്ലാക്കാലത്തും കറുത്ത കുതിരകൾ എന്ന വിശേഷണത്തോടെ എത്തുന്ന ടീമാണ് ന്യൂസിലൻഡ്. ആറുതവണ സെമിയിൽ കടന്നിട്ടുള്ള ന്യൂസിലൻഡ് കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലുമെത്തി. പക്ഷേ, കങ്കാരുപ്പടയോടു കനത്ത തോൽവി ഏറ്റുവാങ്ങാനായിരുന്നു ന്യൂസിലൻഡിന്റെ വിധി. എന്നാൽ, നാലുവർഷത്തിനിപ്പുറം അവരുടെ പ്രകടനം ഒട്ടും ആശാവഹമല്ല.
ഇന്ത്യയുമായുള്ള പരന്പരയിൽ 4-1 നു തോൽക്കാനായിരുന്നു അവരുടെ വിധി. കെയ്ൻ വില്യംസണിന്റെ കീഴിൽ മാർട്ടിൻ ഗപ്റ്റിലും റോസ് ടെയ്ലറും അടങ്ങുന്ന സംഘം ഇത്തവണയും അട്ടിമറികൾക്കു തയാറെടുത്താണു വരുന്നത്. ശരാശരി 150 ന് അടുത്ത് വേഗത്തിൽ പന്തെറിയുന്ന ലോക്കി ഫെർഗൂസണെന്ന പേസ് ബൗളറാണ് ഇത്തവണ ന്യൂസിലൻഡിന്റെ ബൗളിംഗ് നിരയുടെ കുന്തമുന.