സ്വന്തം മണ്ണിൽ ഇംഗ്ലണ്ട്
ക്രിക്കറ്റ് ജനിച്ചു വളർന്ന നാടാണ് ഇംഗ്ലണ്ട്. അഞ്ചു തവണ ലോകകപ്പ് ക്രിക്കറ്റിനു വേദിയാവുകയും ചെയ്തു. പക്ഷേ, ഏകദിന ലോകകപ്പ് മാത്രം ഇംഗ്ലണ്ടുകാർക്ക് അന്യം. മൂന്നു തവണ ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും തോൽക്കാനായിരുന്നു വിധി (1979, 87, 92). തുടർച്ചയായി ഫൈനലിൽ എത്തിയിട്ടു പോലും കപ്പടിക്കാനുള്ള ഭാഗ്യം ഇംഗ്ലീഷുകാർക്ക് ലഭിച്ചിട്ടില്ല.
കഴിഞ്ഞ 27 വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും സെമിഫൈനലിലെത്താൻ പോലും സാധിച്ചിട്ടില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. വന്പൻ താരനിരയ്ക്ക് സാധിക്കാതെ പോയ കിരീട നേട്ടം ഇയോൻ മോർഗൻ, ജോസ് ബട്ലർ, അലക്സ് ഹെയ്സ്ൽസ്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ എന്നിവര ടങ്ങുന്ന സംഘം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകർ.
പ്രതാപം വീണ്ടെടുക്കാൻ വിൻഡീസ്
ക്രിക്കറ്റിലെ കരിന്പുലികൾ എന്ന് ഒാമനപ്പേരിട്ട് വിളിക്കപ്പെട്ടിരുന്ന ടീമായിരുന്നു വിൻഡീസ്. ആദ്യ രണ്ടു ലോകകപ്പുകളും ഇവർക്കു സ്വന്തം. പക്ഷേ, 2011 ലും 2015 ലും ക്വാർട്ടർ ഫൈനലിൽ പോലും കടക്കാൻ കരീബിയൻ ടീമിനായില്ല. 2018 ൽ 18 ഏകദിനങ്ങൾ കളിച്ച വിൻഡീസിന് എട്ട് മത്സരങ്ങളിൽ മാത്രമാണു വിജയിക്കാനായത്. 2017ലാവട്ടെ 22 മത്സരങ്ങൾ കളിച്ചതിൽ 19 മത്സരങ്ങളിലും തോറ്റു.
ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാർഡ്സ്, റിച്ചി റിച്ചാർഡ്സൺ, കർട്ലി ആംബ്രോസ്, കോട്നി വാൽഷ്, ഇയാൻ ബിഷപ്, മാൽക്കം മാർഷൽ, കാൾ ഹൂപ്പർ, മൈക്കൽ ഹോൾഡിംഗ്, ബ്രയാൻ ലാറ തുടങ്ങിയവരുടെ പഴയ പ്രതാപകാലത്തേക്കു തിരിച്ചുപോകാനായില്ലെങ്കിലും മാന്യമായ പ്രകടനം മാത്രമാണ് വിൻഡീസിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.
ക്രിസ് ഗെയിൽ എന്ന ഒറ്റയാനിൽ നിന്ന് വലിയ അദ്ഭുതങ്ങളൊന്നും ആരാധകർ ഇനി പ്രതീക്ഷിക്കുന്നില്ല. ലോകകപ്പോടെ പാഡ് അഴിക്കുമെന്നു പ്രഖ്യാപിച്ച അദ്ദേഹം തന്റെ അവസാന ലോകകപ്പിൽ അവിസ്മരണീയ പ്രകടനം പുറത്തെടുക്കുമെന്നു ചില ആരാധകരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.
സിംഹളവീര്യത്തിൽ ശ്രീലങ്ക
1996 ലെ ലോകകപ്പിൽ ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്ന് കിരീടവുമായി മടങ്ങിയ ടീമാണ് ശ്രീലങ്ക. മത്സരത്തിലെ ഏത് ഇന്നിംഗ്സ് ആയാലും 15 ഒാവറിൽ 100 റൺസിനു മുകളിൽ സ്കോർ ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ശ്രീലങ്കൻ ഒാപ്പണർമാർ മൈതാനത്തിറങ്ങിയത്.
ഒാപ്പണർമാരായ സനത് ജയസൂര്യയും റൊമേഷ് കലുവിതരണയും ഈ ലക്ഷ്യം വിജയകരമായി നടപ്പാക്കിയപ്പോൾ കിരീട നേട്ടത്തിലേക്കെത്താൻ ശ്രീലങ്കയ്ക്ക് അധികം വിയർക്കേണ്ടിവന്നില്ല. ഇരുവരും പരാജയപ്പെട്ടിടത്ത് ആശാങ്കെ ഗുരുസിങ്കെയും അരവിന്ദ ഡിസിൽവയും അർജുന രണതുംഗെയും നങ്കൂരമിട്ടു. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും പന്തുകൊണ്ടും പ്രതിരോധം തീർത്തു.
ഇപ്പറഞ്ഞതെല്ലാം പഴങ്കഥ. ഇന്ന്, ശ്രീലങ്കയ്ക്ക് പഴയ സിംഹള വീര്യമില്ല. കഴിഞ്ഞ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കയോടു തോറ്റു പുറത്താവാനായിരുന്നു ലങ്കയുടെ വിധി. സിംബാബ്വേയുമായി നടന്ന ഏകദിന പരന്പരയിൽ 3-2 ന് തോൽക്കുക കൂടി ചെയ്തതോടെ ശ്രീലങ്കയുടെ നിലവിലെ അവസ്ഥ വളരെ ദയനീയമാണ്.
കൂനിൽമേൽ കുരുവെന്ന പോലെ കോഴവിവാദവും അവരെ വേട്ടയാടുന്നു. പഴയ പടക്കുതിര ലസിത് മലിംഗയാണ് ശ്രീലങ്കയുടെ നായകൻ. ദിനേശ് ചണ്ഡിമലും എയ്ഞ്ചലോ മാത്യൂസും അടങ്ങുന്ന സംഘം ലോകകപ്പിൽ അദ്ഭുതങ്ങൾ കാണിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.
അട്ടിമറിക്കാൻ ബംഗ്ലാദേശ് / അഫ്ഗാനിസ്ഥാൻ
ലോകക്രിക്കറ്റിലെ ദുർബലരെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നയിടത്തു നിന്നു തങ്ങളുടെ ദിവസം ഏതു വന്പനെയും വീഴ്ത്താൻ കരുത്തുള്ള ടീമായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മാറിക്കഴിഞ്ഞു. വരുന്ന ലോകകപ്പിൽ ഇരുവരും നടത്തുന്ന അട്ടിമറികളാവും വന്പൻ ടീമുകളുടെ പോലും സാധ്യതകൾ നിർണയിക്കുക. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്ന ബംഗ്ലാദേശ് ടെസ്റ്റ് പദവിയുള്ള പല ടീമുകളെയും തോൽപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിൽ ശ്രീലങ്കയെ തോൽപ്പിക്കുകയും ഇന്ത്യയെ സമനിലയിൽ തളയ്ക്കുകയും ചെയ്ത അഫ്ഗാനിസ്ഥാനും അട്ടിമറി വിജയങ്ങൾ ലക്ഷ്യമിട്ടുതന്നെയാണ് ഇംഗ്ലണ്ടിലെത്തുകയെന്ന് ഉറപ്പ്.