പതിവുപോലെ ഇത്തവണയും ആരാന്റെ ചെലവിൽ നിന്റെ പിറന്നാളാഘോഷം കയിച്ചിലാക്കി. നീ ജനിച്ചത് വിശേഷപ്പെട്ട ഒരുദിവസം തന്നെ! പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ചു എന്ന് ഞാൻ പറഞ്ഞ് നീയിതു വരെ കേട്ടിരിക്കില്ല.
കാരണം എനിക്കത് ചുമടോ നോവോ ആയിരുന്നില്ല. ജീവിതത്തിലെ അത്യാനന്ദകരമായ അനുഭവം എന്നു വേണമെങ്കിൽ ഈ ഇരുപത്തൊന്ന് വർഷങ്ങൾക്കുശേഷം വിശേഷിപ്പിക്കാം.
നിന്റെയും നിന്റെ അനിയന്മാരുടെയും കൂടെക്കൂടിയതുകൊണ്ടാകാം മധ്യവയസിലെത്തി എന്നൊരു തോന്നലേ ഇല്ല. നിങ്ങളുടെ ഭക്ഷ്യതാല്പര്യങ്ങളുടെ വേസ്റ്റ് ബാസ്കറ്റ് ആയതുകൊണ്ട് വയറു മാത്രം മത്തങ്ങാബലൂൺ സൈസായി.
അതിരിക്കട്ടെ. കഴിഞ്ഞ ദിവസം കണ്ണൂർ ചൊവ്വ മുതൽ പുതിയതെരു വരെ കട്ടബ്ലോക്കിൽ ഡ്രൈവ് ചെയ്തോണ്ടിരുന്ന നിന്റെ സഹനശക്തിയും സംയമനവും കണ്ട് ഞാൻ ഹർഷോന്മാദപുളകിതയായി എന്ന് പ്രത്യേകം അറിയിച്ചുകൊള്ളട്ടെ.
ഇത്രയും ക്ഷമാശീലമുള്ള നിന്നെ ഒരു പെണ്ണും തേച്ചിട്ടു പോകാൻ ഇടയില്ല. അഥവാ തേച്ചാലും മകനേ.. പെട്രോളൊഴിച്ചു കത്തിക്കുകയോ ആസിഡൊഴിച്ചു പൊള്ളിക്കുകയോ ചെയ്യരുത്.
പകരം കൂൾബാറിൽ പോയി ഒരു ഐസ് ക്രീം വാങ്ങിച്ചുകൊടുത്ത് തണുപ്പിച്ചാൽ ജീവിതകാലത്ത് കുറ്റബോധത്തോടെയല്ലാതെ നിന്റെ മുഖം ഓർക്കുകയില്ല; അതിലും വലിയ പ്രതികാരവുമില്ല.
രണ്ടു മൂന്ന് കൊല്ലത്തിനുള്ളിൽ നിനക്കൊരു ജോലിയാകും. അപ്പോഴെങ്കിലും രാവിലെ നേരത്തേ എണീറ്റ് കുളിച്ച് ഉത്തരവാദിത്തത്തോടെ ജോലി സ്ഥലത്തെത്താൻ നോക്കണം.
അതിനുവേണ്ടി ഇപ്പോൾതന്നെ ആ ദേഹത്തോടൊട്ടിപ്പിടിച്ച ഓഞ്ഞ വീഞ്ഞപ്പെട്ടീം (മൊബൈൽ) അതിന്റ കൂടെ ചെവീൽ പറ്റിപ്പിടിച്ച വയറും സർജറി ചെയ്ത് മാറ്റണം.
ഇത്തിരി കേംപ്ലിക്കേറ്റഡ് ആയ ഓപ്പറേഷൻ ആണെന്നറിയാം. എന്നാലും മകനേ.. നിന്റെ നന്മയ്ക്കു വേണ്ടിയാണ്.ഒരഞ്ചാറു കൊല്ലം കഴിഞ്ഞ് നിന്റെ കല്യാണവും നടക്കും.
അതിനുശേഷം അമ്മ കോമൺ സെൻസോടെ പറയുന്നതൊക്കെ നിനക്ക് നോൺസെൻസായേ തോന്നൂ. മങ്ങലും മൂടലുംകൊണ്ട് പുക പോലെയല്ലേ അന്നെനിക്ക് മാറുന്ന ലോകത്തെ കാണാൻ പറ്റൂ.
അതിന്റെ പ്രശ്നമാണെന്ന് മനസിലാക്കി സ്വല്പം ഹ്യൂമർ സെൻസോടെ എന്നോട് ഇടപെട്ടാൽ ഞാൻ കൃതാർഥയായി. മറ്റൊന്നുമില്ല മകനേ.. ഒരു ദിവസം വൈകി വീണ്ടും പിറന്നാളാശംസകൾ… (മകന്റെ പിറന്നാൾ ദിനത്തിൽ ഒരമ്മ ഫേസ് ബുക്കിൽ കുറിച്ചത്)