ന്യൂഡൽഹി: ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് കച്ചവടക്കാരനായ യുവാവിനെ കുത്തിക്കൊന്നു. ബുധനാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം.
പ്രഭാത് (23) എന്ന ഐസ്ക്രീം കച്ചവടക്കാരനാണ് ആക്രമണത്തിൽ മരിച്ചത്. ഐസ്ക്രീം വാങ്ങിയതിന് ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രഭാതിന് കുത്തേറ്റത്.
ഉടൻ തന്നെ പ്രഭാതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ രാത്രിയോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.