കോഴിക്കോട്: മത്സ്യബന്ധനബോട്ടുകള്‍ അനിശ്ചിതകാല സമരത്തിലായതോടെ സംസ്ഥാനത്തെ ഐസ് പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. സംസ്ഥാനത്തെ പ്ലാന്റുകളില്‍ ഉദ്പാദിപ്പിക്കുന്ന അറുപത് ശതമാനം ഐസുകളും വാങ്ങുന്നത് മത്സ്യബന്ധന ബോട്ടുകളാണ്. സമരം ഒരാഴ്ചയോടടുക്കുമ്പോള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവരാണ് ദുരിതത്തിലായത്.
എകദേശം ഇരുപതിനായിരത്തില്‍ പരം തൊഴിലാളികളാണ് ഐസ് വിപണിയുമായിബന്ധപ്പെട്ട് വിവിധ പ്ലാന്റുകളില്‍ ജോലിചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ഇപ്പോള്‍ പണിയില്ല. വാങ്ങാനാളില്ലാത്തതില് പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചെറിയവള്ളങ്ങളില് പോകുന്നവര്‍ക്ക് നാമമാത്രമായ ഐസുകള്‍ മാത്രമേ ആവശ്യമുള്ളു.
സമരം അവസാനിപ്പിക്കാന്‍ സര്ക്കാന് മുന്കൈഎടുത്തില്ലെങ്കില് തങ്ങളും സമരരംഗത്തിറങ്ങുമെന്ന് കേരളസ്റ്റേറ്റ് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.ഉത്തമന് അറിയിച്ചു.100 മുതല്‍ 400 വരെ ബ്ലോക്കുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നേര്‍പകുതിയായി കുറഞ്ഞു. ഒരോ ബോട്ടുകള്‍ക്കും ഐസ് ബ്ലോക്കുകള്‍ നിര്‍മിച്ചുനല്‍കിയാല്‍ ആയിരം രൂപവരെ വരുമാനുണ്ടായിരുന്നു. ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉള്ളത്.
സംസ്ഥാനത്ത് 486 ഐസ്പ്ലാന്റുകളാണുള്ളത്. ഇതില്‍ 23 എണ്ണം ഇതിനകം പൂട്ടികഴിഞ്ഞു. 50 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് ഒരു ഐസ് ബ്ലോക്ക് നിര്‍മിക്കുന്നത്. വൈദ്യുതി നിരക്കും ജീവനക്കാരുടെ ശമ്പളവും കൂടിയാകുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.ഇതിനൊപ്പം സമരം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.