തൊഴില് മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില് നാലു ദിവസമായി കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്കാന്ഡിനേവിയന് രാജ്യമായ ഐസ് ലന്ഡ്.
സംഭവം വന്വിജയകരമായതോടെ ബ്രിട്ടനിലും ഇതേ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്ന്നിരിക്കുകയാണ്. ജീവനക്കാര്ക്ക് സമ്മര്ദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താന് ആവുകയും ഇതുമൂലം കഴിഞ്ഞുവെന്നാണ് ഇത് വിശകലനം ചെയ്ത വിദഗ്ധര് അഭിപ്രായപ്പെടുന്നത്.
അതോടൊപ്പം തൊഴിലുടമകള്ക്ക് അവരുടെ ഉത്പാദനക്ഷമത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2016 മുതല് 2019 വരെ പരീക്ഷണാടിസ്ഥാനത്തില് നടപ്പിലാക്കിയ ഈ പദ്ധതി വിജയമായതോടെ ഐസ്ലാന്ഡിലെ ജോലിക്കാരുടെ 86 ശതമാനവും ഈ പുതിയ രീതിയിലുള്ള കരാറിലാണ് ഏര്പ്പെട്ടിരിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ച് പ്രവൃത്തി സമയം കുറയ്ക്കാനുള്ള നടപടികള്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായുള്ള ഒരു ഇന്ത്യന് ഐടി കമ്പനി.
പുതുതായി ജീവനക്കാരെ ഇവര് നിയമിക്കുന്നത് ആഴ്ച്ചയില് മൂന്നു ദിവസം ജോലിചെയ്യുവാനാണ്. ഈ മൂന്നു ദിവസത്തെ ജോലിയിലൂടെ ആഴ്ച മുഴുവന് ജോലി ചെയ്ത് കിട്ടുന്നതിന്റെ 80 ശതമാനം ശമ്പളവും ലഭിക്കും.
ഫിന്ടെക്ക് കമ്പനിയായ സ്ലൈല് ആണ് ഇതിന് ആരംഭം കുറിച്ചിരിക്കുന്നത്. അധിക ഒഴിവുദിനങ്ങള് നല്കുക എന്നതുപോലുള്ള ആനുകൂല്യങ്ങളേക്കാള് പ്രാധാന്യം കുറഞ്ഞ പ്രവര്ത്തി സമയം, സൗകര്യമുള്ള പ്രവര്ത്തി സമയത്ത് ജോലിചെയ്യുവാനുള്ള സൗകര്യം, ശമ്പളം എന്നിവയ്ക്കാണ് കമ്പനി പ്രാധാന്യം നല്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
തന്റെ കമ്പനിയുടെ നയം, കൂടുതല് സൗകര്യപ്രദമായ ഭാവിയിലേക്കുള്ള ഒരു കുതിച്ചുചാട്ടമായിരിക്കും എന്നാണ് സ്ലൈസ് സ്ഥാപകനായ രാജന് ബജാജ് എന്ന 28 കാരന് പറയുന്നത്.
ഈ മേഖലയിലേക്ക് അധികമായി വരുന്ന വിദേശ മൂലധനത്തിന്റെ ഗുണഭോക്താക്കളില് ഒന്നാണ് സ്ലൈസ് എന്ന ഫിന്ടെക് കമ്പനിയും. സമീപകാലത്ത് ഇന്ത്യന് ഐടി മേഖലയില് വന് കുതിപ്പാണുണ്ടായിരിക്കുന്നത്.
ഈ അവസരം മുതലാക്കി രാജ്യത്തുള്ള ഐടി വിദഗ്ധരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഐടി കമ്പനികളെല്ലാം. ഈ വര്ഷം ആദ്യം 20 മില്ല്യണ് ഡോളറിന്റെ ഫിനാന്സിങ് റൗണ്ട് നേടാനായതോടെ സ്ലൈസ് 450 ജീവനക്കാരുള്ള കമ്പനിയായി വളര്ന്നിരുന്നു.
അടുത്ത മൂന്നു വര്ഷം കൊണ്ട് 1000 എഞ്ചിനീയര്മാരേയും പ്രൊഡക്ട് മാനേജേഴ്സിനേയും നിയമിക്കാനും കമ്പനി ഉദ്ദേശിക്കുന്നതായി ബജാജ് അറിയിച്ചു.
ജീവനക്കാര്ക്ക് നല്ല ശമ്പളം ലഭിക്കുന്നതിനോടൊപ്പം ആഴ്ച്ചയില് മൂന്നു ദിവസം മാത്രം ജോലിചെയ്യുന്നതിന്റെ പ്രയോജനങ്ങളും ജീവനക്കാര്ക്ക് അനുഭവിക്കാം എന്നതിനാല് സ്ലൈസ് തീര്ത്തും നല്ലൊരു അനുഭവമായിരിക്കും ജീവനക്കാര്ക്ക് നല്കുക എന്നും ബജാജ് പറയുന്നു.
ബാക്കിയുള്ള സമയത്ത് ജീവനക്കാര്ക്ക് അവരുടെ സ്റ്റാര്ട്ട് അപ് സ്വപ്നങ്ങള് സക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങള് തുടരാന് കഴിയും. അല്ലെങ്കില്, ജോലിക്ക് പുറമേയുള്ള മറ്റ് നൈപുണ്യങ്ങള് വളര്ത്താന് കഴിയും, അദ്ദേഹം തുടര്ന്നു പറഞ്ഞു.
ഇന്ത്യയിലെ ക്രെഡിറ്റ് ഇന്ഡസ്ട്രി വളരെ സാവധാനം മാത്രം വളരുന്ന ഒന്നാണ്. ലക്ഷക്കണക്കിന് ഇന്ത്യാക്കാര്ക്ക് ബാങ്ക് അക്കൗണ്ടുകള് ഉള്ളപ്പോഴും ഏകദേശം 50 മില്ല്യണ് ക്രെഡിറ്റ് കാര്ഡുകള് മാത്രമാണ് വിപണിയിലുള്ളത്.
കഴിഞ്ഞ വര്ഷം നടത്തിയ ഒരു പഠനത്തില് പറഞ്ഞത് 100 ഇന്ത്യാക്കാരില് 3 പേര്ക്ക് മാത്രമാണ് ക്രെഡിറ്റ് കാര്ഡ് ഉള്ളത് എന്നാണ്.
ക്രെഡിറ്റ് കാര്ഡ് കിട്ടുന്നതിനുള്ള പ്രധാന തടസ്സം നല്ലൊരു ക്രെഡിറ്റ് സ്കോര് പരിപാലിക്കാന് സാധിക്കുന്നില്ല എന്നതാണ്. ഒരു ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കാതെ മെച്ചപ്പെട്ടൊരു ക്രെഡിറ്റ് സ്കോര് ഉണ്ടാക്കാനും കഴിയില്ല.
ഇത്തരമൊരു സാഹചര്യത്തില് വളരെ കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റ് ഉള്ള വാര്ഷിക ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാര്ഡുകള് രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് സ്ലൈസ്.
വരും വര്ഷങ്ങളില് ഇത് ഈ മേഖലയില് വിപ്ലവകരമായ മാറ്റങ്ങള് വരുത്തുമെന്നും കമ്പനി കരുതുന്നു. എന്തായാലും രാജ്യത്തെ മറ്റു മേഖലകളില് കൂടി ഈയൊരു ആശയം നടപ്പാക്കിയാല് അത് രാജ്യത്തെ തൊഴില് മേഖലയക്ക് തന്നെ പുത്തന് ഉണര്വുണ്ടാക്കുമെന്ന് തീര്ച്ചയാണ്.