ഗാന്ധിനഗർ: ഇത് കുട്ടികൾക്കു വേണ്ടിയുള്ള ഓറഞ്ച് മരമാണ്. കായ് ഉണ്ടാകുന്പോൾ അവർ തന്നെ പറിച്ചു തിന്നട്ടെ. കുട്ടികളുടെ ആശുപത്രി വളപ്പിലെ വിശ്രമ കേന്ദ്രത്തിൽ പഴവർഗ തൈകൾ നട്ടപ്പോൾ സംരംഭത്തിനു നേതൃത്വം നല്കിയ നവജീവൻ ട്രസ്റ്റി പി.യു.തോമസ് പറഞ്ഞു. രോഗികൾക്കും ഒപ്പമുള്ളവർക്കും വിശ്രമിക്കാനൊരിടം. പൂക്കളും പഴങ്ങളുമൊക്കെയുള്ള തോട്ടത്തിൽ ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ പണികൾ നടന്നു വരുന്നു.
ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ ഇടതു ഭാഗത്ത് ഒരേക്കർ സ്ഥലത്താണ് പഴവർഗങ്ങളും, ചെടികളും നിറഞ്ഞ വിശ്രമകേന്ദ്രം തയ്യാറാകുന്നത്. മൂന്നു വർഷം കൊണ്ട് കായ്ഫലം ലഭിക്കുന്ന ബഡ് ചെയ്ത റന്പൂട്ടാൻ, സപ്പോർട്ടിക്ക, ഓറഞ്ച്, പേര, മാവ്, പ്ലാവ് തുടങ്ങി നല്ലയിനം പഴവർഗ തൈകളും, ചെടികളുമാണ് നട്ടുവളർത്തുന്നത്.
കടുത്ത വേനൽ സമയത്ത് ലോറിയിൽ വെള്ളം കൊണ്ടു വന്നാണ് ചെടികൾ നനയ്ക്കുന്നത്. നവജീവൻട്രസ്റ്റി പി.യു തോമസിന്റെ നേതൃത്വത്തിലാണ് ഈ ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന കായ്ഫഫലങ്ങൾ ഇവിടെ ചികിത്സയിൽ കഴിയുന്നവർക്കും വന്നു പോകുന്ന രോഗികൾക്കും മാത്രമായിരിക്കുമെന്ന് പി.യു തോമസ് പറഞ്ഞു.
രോഗത്തിന്റെ കാഠിന്യത്തിൽ നിന്നും അല്പം ആശ്വാസം ലഭിക്കുന്പോൾ കുട്ടികളായ രോഗികളുമായി മാനസിക സംഘർഷം കുറച്ച് സന്തോഷം പങ്കിടുവാൻ ഇത് പ്രയോജനപ്പെടുത്തണം. ആശുപത്രി അധികൃതരുടെ അനുമതി കൂടി ലഭിച്ചാൽ ആവശ്യമായ സിമന്റ് ബെഞ്ച് കൂടി നിർമ്മിച്ച് നൽകും. അടുത്ത വർഷം മുതൽ ഇതിൽ നിന്നും കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങും.