ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ (ഐസിഎച്ച്) ജനറേറ്ററിനെ ചൊല്ലി വീണ്ടും തർക്കം. ആശുപത്രി മുഴുവൻ വെളിച്ചം പകരുന്ന ശക്തിയേറിയ ജനറേറ്റർ ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നില്ല എന്നായിരുന്നു പരാതി. എന്നാൽ ജനറേറ്റർ പ്രവർത്തിപ്പിക്കണമെങ്കിൽ കെഎസ്ഇബിക്ക് സർവീസ് ചാർജ് ഇനത്തിൽ 1.75 ലക്ഷം രൂപ അടയ്ക്കണം.
ഇത് അടയ്ക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കെഎസ്ഇബി ഇതു സംബന്ധിച്ച കത്ത് കുട്ടികളുടെ ആശുപത്രി അധികൃതർക്ക് നല്കിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇതുവരെ പണം അടയ്ക്കാത്തതിനാൽ ശക്തിയേറിയ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാതെ കുട്ടികൾ വലയുകയാണ്. ശക്തിയേറിയ ജനറേറ്റർ ആശുപത്രിക്കുണ്ടായിട്ടും പ്രവർത്തിപ്പിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രദീപിക വാർത്ത നല്കിയതിനെ തുടർന്നാണ് കെഎസ്ഇബി ഇടപെട്ടത്.
തീവ്രപരിചരണ വിഭാഗങ്ങളിലേയ്ക്കും ശസ്ത്രക്രിയ തിയറ്ററുകളിലേയ്ക്കും വൈദ്യുതി ലഭിക്കുന്നതിന് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ തയാറെന്ന് കെഎസ്ഇബി അറിയിച്ചു. അധികൃതർ കുട്ടികളുടെ ആശുപത്രി മേധാവിയെ അറിയിച്ചിട്ടും പണം അടയ്ക്കാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ കഴിയുന്നില്ല.
കുട്ടികളുടെ ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലയ്ക്കുന്പോഴോ തകരാറിലാകുന്പോഴോ നവജാത ശിശുക്കളും പീഡിയാട്രിക് സർജറി കഴിഞ്ഞ് കിടക്കുന്ന കുട്ടികളെയും കിടത്തുന്ന വെന്റിലേറ്റർ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗം നിശ്ചലമാകും. പകരം സംവിധാനമെന്ന നിലയിൽ പ്രവർത്തിക്കുന്ന ജനറേറ്റിനാണെങ്കിൽ വേണ്ടത്ര പവർ ഇല്ലാത്തതാണ് കാരണം. അഞ്ചു കെ വി പവർ ശക്തിയുള്ള ജനറേറ്ററാണ് കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ളത്.
ഇത് ശസ്ത്രക്രിയ തിയറ്ററുകളിലും, തീവ്രപരിചരണ വിഭാഗത്തിനും പര്യാപ്തമല്ല. ഇക്കാര്യമാണ് രാഷ്ട്രദീപിക ചൂണ്ടിക്കാട്ടിയത്. തുടർന്ന് വർഷങ്ങളായി മെഡിക്കൽ കോളജ് കാൻസർ വാർഡിന് മുൻവശം ഉപയോഗിക്കാതെ വച്ചിരുന്ന 168 കെവി ശക്തിയുള്ള ജനറേറ്റർ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ജനറേറ്റർ സ്ഥാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇത് പ്രവർത്തിപ്പിക്കുവാൻ കുട്ടികളുടെ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല. ജനറേറ്റർ പ്രവർത്തിക്കണമെങ്കിൽ 1.75 ലക്ഷം രൂപ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മേലധികാരികളുടെ അനുമതിക്കായി കത്തു നല്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ മറുപടി.
കുട്ടികളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ മരണസംഖ്യ ഉയരുന്നത് വൈദ്യുതി ബന്ധം നിലയ്ക്കുന്നത് മൂലം വെന്റിലേറ്റർ പ്രവർത്തനരഹിതമാകുന്നതാണെന്ന് പരാതിയും മാധ്യമ വാർത്തകളും പുറത്തു വന്നിരുന്നു. എന്നിട്ടും ഇതിന് പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.