ഗാന്ധിനഗർ: കുട്ടികളുടെ ആശുപത്രിയിൽ രാത്രിയിൽ എക്സ്റേയുമില്ല, ഇസിജിയുമില്ല. സിടി, എംആർഐ സ്കാനിംഗ് മെഷീനുകളും ഇവിടെയില്ല. രാത്രിയിൽ എക്സ്റേയും ഇസിജിയും ആവശ്യമായി വന്നാൽ രണ്ടുകിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിലേക്ക് കുട്ടിയേയും എടുത്ത് ഓടണം. സ്കാനിംഗിന് സ്വകാര്യ സ്ഥാപനത്തിലേക്ക് എഴുതിക്കൊടുക്കും. അതല്ലെങ്കിൽ മെഡിക്കൽ കോളജിനെ ആശ്രയിക്കണം.
സർക്കാർ ആശുപത്രികൾ ആധുനിക സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്പോൾ ഇവിടെ നാലു ജില്ലകളിലെ കുരുന്നുകളെ ചികിത്സിക്കുന്ന കുട്ടികളുടെ ആശുപത്രിയിൽ പല ഉപകരണങ്ങളും ഇല്ല. പോർട്ടബിൽ എക്സ്റേ, സിടി, എംആർഐ സ്കാനിംഗ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങൾ കുട്ടികളുടെ ആശുപത്രിയിൽ ഇല്ല. പോർട്ടബിൾ എക്സ്റേ സംവിധാനം വഴി കുട്ടി കിടക്കുന്ന മുറിയിലോ തീവ്രപരിചരണ വിഭാഗത്തിലോ എത്തി എക്സ്റേ എടുക്കുവാൻ കഴിയും. ഇപ്പോൾ അതിനു സാധിക്കാത്തതിനാൽ ആളുകൾ ബുദ്ധിമുട്ടുകയാണ്. നിലവിലുള്ള സാധാരണ എക്സ്റേ പകൽ മാത്രമേ പ്രവർത്തിക്കൂ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് കുട്ടികളുടെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ ആശുപത്രിയിൽ ഇതിനായി പ്രത്യേക വാർഡും ഉണ്ട്. ഇത്തരം കുട്ടികളെയും തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്നവരെയും എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കുന്നതിന് പോർട്ടബിൾ എക്സ്റേ ആവശ്യമാണ്.
അതുപോലെ ഇസിജി പരിശോധന രാത്രിയിൽ കുട്ടികളുടെ ആശുപത്രിയിൽ ലഭ്യമല്ല. രാത്രിയിൽ കുട്ടികൾക്ക് ഇസിജി പരിശോധന ആവശ്യമായി വന്നാലും മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗമില്ല. ഇസിജി വിഭാഗത്തിൽ സ്ഥിരം ടെക്നീഷ്യനുമില്ല. വികസന സമിതി നിയോഗിച്ച ജീവനക്കാരിയാണുള്ളത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിനോട് ചേർന്നുള്ള കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ കിടക്കുന്ന കുട്ടികൾക്ക് രോഗം മൂർഛിച്ചാലും വിദഗ്ധ ചികിത്സ ആവശ്യമായി വന്നാലും കുട്ടികളുടെ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. എന്നിട്ടും ആവശ്യമായ പല ഉപകരണങ്ങളുടെയും പോരായ്മ രോഗികളെ വലയ്ക്കുന്നു.
ഫണ്ടിന്റെ അപര്യാപതയാണ് കുട്ടികളുടെ ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് കാരണം. അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും മെഡിക്കൽ കോളജ് അധികൃതർ തട്ടിയെടുക്കുന്നു എന്നാണ് ആരോപണം. കുട്ടികളുടെ ആശുപത്രിക്ക് പ്രത്യേക വികസന സമിതിയില്ല. മെഡിക്കൽ കോളജിന്റെ കീഴിലാണ് കുട്ടികളുടെ ആശുപത്രിയുടെ പ്രവർത്തനം. കുട്ടികളോടുള്ള ഈ ക്രൂരതയ്ക്ക് എന്ന് അറുതി വരും. അടിയന്തിരമായി സർക്കാർ ഇടപെടണം എന്ന ആവശ്യം ശക്തമാണ്.