ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വൈകുന്നേരം അഞ്ചിനുശേഷം വിവിധ പരിശോധനകൾ നടത്തുന്നില്ലെന്നു പരാതി. രാത്രി സമയങ്ങളിൽ വിവിധ പരിശോധനകൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതു വലിയ ബുദ്ധിമുട്ടാണു സൃഷ്്ടിക്കുന്നത്. വൈകുന്നേരം അഞ്ചു കഴിഞ്ഞാൽ, എക്സറേ, ഇസിജി, ലബോറട്ടറി എന്നിവയും ഫാർമസിയും പ്രവർത്തിക്കില്ല.
അതിനാൽ ഈ സമയങ്ങളിൽ പരിശോധന ആവശ്യമായ കുട്ടികളായ രോഗികളേയും കൊണ്ട് സ്വകാര്യ സ്ഥാപനത്തിലോ, അല്ലെങ്കിൽ ഒന്നര കിലോമീറ്റർ ദൂരമുള്ള മെഡിക്കൽ കോളജിലോ പോകേണ്ടിവരുന്ന സാഹചര്യമാണ്. മെഡിക്കൽ കോളജിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും കുട്ടികളുടെ ആശുപത്രിക്ക് ബാധകമല്ലെന്നുള്ള തരത്തിലാണ് അധികൃതർ.
ഞായറാഴ്ച ദിവസങ്ങളിൽ ഒപി ഇല്ലാത്തതിനാൽ ഉച്ചയ്ക്കുശേഷം ഫാർമസിയില്ല. അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു വരെ മാത്രം. ഇവിടെ ചികിത്സ തേടിയെത്തുന്ന ഒട്ടുമിക്ക കുട്ടികൾക്കും, ഇസിജി അത്യാവശ്യമാണ്. കുട്ടികളായതിനാൽ ഇവരുടെ ഹൃദയമിടിപ്പ് പരിശോധിച്ചശേഷമേ ചികിത്സ ആരംഭിക്കുകയുള്ളു.
അത്ര പ്രാധാന്യമുള്ള പരിശോധന ഞായറാഴ്ച പൂർണമായും മറ്റ് ദിവസങ്ങളിൽ വൈകുന്നേരം മുതലും ഇവിടെയില്ല. കൂടാതെ വിവിധ തരം പകർച്ചപ്പനിയുൾപ്പെടെ രക്ത പരിശോധനകൾ നടത്തണമെങ്കിലും എക്സറേ വേണമെങ്കിലും സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം. അവധിക്കാലമായതിനാൽ വിവിധരം അപകടങ്ങളിൽപ്പെട്ട് ധാരാളം കുട്ടികൾ ചികിത്സക്കായി എത്തുന്നുണ്ട്. ചില രോഗികളുമായി സ്ത്രീകൾ മാത്രമാണ് എത്തിച്ചേരുന്നത്.
പീന്നിടായിരിക്കും പുരുഷന്മാരായ ബന്ധുക്കൾ എത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ രാത്രി സമയത്ത് ടെസ്റ്റുകൾ നടത്താൻ മെഡിക്കൽ കോളജിൽ പോകുന്നത് ബുദ്ധിമുട്ടായതിനാൽ അങ്ങോട്ട് പോകാതെ സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുകയാണ്.
അതിനാൽ രാത്രികാലങ്ങളിലും കുട്ടികളുടെ ആശുപത്രിയിൽ എക്സ്റേ, ലാബ്, ഇസിജി എന്നി പരിശോധനകൾ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം കുട്ടികളുടെ ആശുപത്രിയിലെ ഈ വിഭാഗങ്ങൾ രാത്രി കാലങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിന് വശ്യമായ ജീവനക്കാർ ഇല്ലാത്തതാണു കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.