ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ആവശ്യത്തിന് വെന്റിലേറ്റർ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കുട്ടികളുടെ ആശുപത്രിയിൽ രണ്ടു വെന്റിലേറ്റർ മാത്രമാണുള്ളത്. അതിൽ ഒരെണ്ണം തകരാറിലും.
മിനിമം നാലു വെൻറിലേറ്ററെങ്കിലും വേണ്ട ഐസിഎച്ചിലാണ് ഒരെണ്ണം മാത്രം പ്രവർത്തിക്കുന്നത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് ആശുപത്രിയിലേക്കുള്ള മരുന്നുകളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സപ്ലൈ ചെയ്യുന്നത് .ക്വട്ടേഷൻ നൽകുന്പോൾ തുക കുറച്ച് നൽകുന്നവരുമായി കരാർ ഒപ്പിട്ട് ഗുണമേന്മകുറഞ്ഞ ഉപകരണങ്ങളാണ് വാങ്ങുന്നത്.
പല ഗവണ്മെന്റ് ആശുപത്രികളിലും അമേരിക്കൻ കന്പനിയായ ട്രാഗർ പോലെയുള്ളവരുടെ വെന്റിലേറ്റർ ഉപയോഗിക്കപ്പെടുന്നതിനാൽ തകരാർ സംഭവിക്കുന്നത് അപൂർവമായി മാത്രമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇത്തരം ഗുണമേന്മയുള്ള വെന്റിലേറ്റർ വാങ്ങുന്നതിന് ലോക്കൽ കന്പനികൾ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിക്കുകയാണെന്ന് കുട്ടികളുടെ ആശുപത്രിയിലെ അധികൃതർ പറഞ്ഞു.
ഒരു വർഷം ശരാശരി ആയിരത്തിലധികം പ്രസവമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നടക്കുന്നത്. അതിൽ 10ശതമാനം നവജാത ശിശുക്കളും പല തരത്തിലുള്ള രോഗത്തിന് വിധേയരാണ്. അതിനാൽ ഗുണമേന്മയുള്ള നാലു വെന്റിലേറ്റർ കൂടി കുട്ടികളുടെ ആശുപത്രിയിൽ വാങ്ങണമെന്നു ആവശ്യം ഉയർന്നിരിക്കുകയാണ്.