ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ സ്റ്റോർ കീപ്പർ അശ്ലീല പദപ്രയോഗം നടത്തിയെന്ന് കാണിച്ച് വനിതാ ഫാർമസിസ്റ്റ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടു ദിവസങ്ങളായിട്ടും നടപടിയായില്ല.
കഴിഞ്ഞ മേയ് 23നാണു സംഭവം. രാവിലെ സ്റ്റോർ കീപ്പർ ഫാർമസി കൗണ്ടറിന്റെ വെളിയിലെത്തി ഇന്നത്തെ ഡ്യൂട്ടി ആരെക്കൊയെന്ന് അന്വേഷിച്ചു. പരാതിക്കാരിയായ ഫാർമസിസ്റ്റ് ഡ്യൂട്ടി വിവരം പറഞ്ഞു.
തുടർന്ന് സാനിറ്റൈസർ ഉപയോഗത്തെക്കുറിച്ചു സംസാരിച്ച് അശ്ലീല സംസാരം നടത്തുകയായിരുന്നു. സ്റ്റോർ കീപ്പറെ യുവതി സ്നേഹിക്കണം, മടിയിൽ ഇരുത്തണം തുടങ്ങിയ പദപ്രയോഗങ്ങളും ഇയാൾ നടത്തി. ഇതോടെ ഇത്തരം സംസാരം ആവർത്തിക്കരുതെന്ന് ഫാർമസിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.
ഈ സമയം മെഡിസിൻ റാക്കിന്റെ വെളിയിൽ നിന്ന് സംസാരിച്ച സ്റ്റോർ കീപ്പർ കൗണ്ടറിന് അകത്ത് കയറുവാൻ ശ്രമിച്ചു. അപ്പോൾ മരുന്നു വാങ്ങാൻ ആളുകളെത്തി. അവർ മടങ്ങിപ്പോയതോടെ ഇയാൾ വീണ്ടും സംസാരം ആവർത്തിച്ചു.
ഉടൻ തന്നെ ഫാർമസിസ്റ്റ് മറ്റൊരു പുരുഷ ഫാർമസിസ്റ്റിനെ വിവരം അറിയിക്കുകയും ഇയാൾ ട്രെയിനിംഗിന് എത്തിയ ഒരു പുരുഷ ഫാർമസിസ്റ്റിനെ ഉടൻ തന്നെ കൗണ്ടറിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. ഇയാൾ വന്ന ശേഷമാണ് സ്റ്റോർ കീപ്പർ ഫാർമസി കൗണ്ടറിന്റെ മുന്നിൽനിന്നും പോയത്.
സംഭവത്തെക്കുറിച്ച് യുവതി വിശദമായി തന്നെ പരാതി നൽകിയിരുന്നു. ഒന്പത് വർഷമായി ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണെന്നും ഇയാളുടെ ഭാഗത്തുനിന്ന് രണ്ടാമത്തെ തവണയാണ് ഇത്തരത്തിൽ അശ്ലീല സംഭാഷണം ഉണ്ടാകുന്നതെന്നും പരാതിയിൽ പറയുന്നു.
കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഒരു വനിതയായിരുന്നിട്ടു പോലും ആശുപത്രിയിലെ ജീവനക്കാരി നൽകിയ പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കാത്തതിന്റെ മനോവിഷമത്തിലാണ് ഫാർമസിസ്റ്റ്. പരാതിയിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.