ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ഹൃദ്രോഗം കണ്ടെത്തുന്നതിനുള്ള ആധുനിക എക്കോ മെഷീൻ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നാവശ്യം ശക്തമാകുന്നു. നവജാത ശിശുക്കൾക്കും ജന്മനാ ഹൃദ്രോഗം ബാധിക്കുന്ന കുട്ടികൾക്കും പ്രാഥമിക പരിശോധന നടത്താൻ കഴിയുന്നതാണ് എക്കോ മെഷീൻ.
കുട്ടികളുടെ ആശുപത്രിയിൽ എക്കോ മെഷീൻ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന രീതിയാണ് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്. ഇതു രോഗികളായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ ബുദ്ധിമുട്ടാണു ഉണ്ടാക്കുന്നത്.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങാൻ കഴിയുന്നതാണ് എക്കോ മെഷീനെങ്കിലും അധികൃതർ അതിന് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിന് കോടിക്കണക്കിന് ഫണ്ടുകൾ അനുവദിക്കപ്പെടുകയും പദ്ധതികൾ യാഥാർത്ഥ്യമാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
ഈ മാസം തന്നെ 564 കോടി രൂപയുടെ ഭരണാനുമതിയാണ് മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിന് ലഭിച്ചത്. എന്നാൽ ഈ ഫണ്ടിൽ നിന്നും യാതൊന്നും കുട്ടികളുടെ ആശുപത്രി വികസന പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുവാൻ കഴിയില്ല. നിരവധി പോരായ്മയാണ് കുട്ടികളുടെ ആശുപത്രിയിലുള്ളത്. അതേസമയം വിവിധങ്ങളായ വികസന പദ്ധതികളുടെ പ്രൊജക്്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും കുട്ടികളുടെ ആശുപത്രി അധികൃതർ പറഞ്ഞു.