ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനകൾ നടത്തുന്നില്ലെന്ന് ആക്ഷേപം. വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന കുട്ടികൾക്ക് അംഗവൈകല്യ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും പരാതിയുണ്ട്. സർട്ടഫിക്കറ്റ് യഥാസമയം നൽകണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും ഇത് പാലിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ല.
കുട്ടികളുടെ ആശുപത്രിയിൽ ഓട്ടിസിസ് ബാധിച്ച കുട്ടികൾക്ക് ചികത്സയ്ക്കായി ഇതിന്റെ വിഭാഗം പ്രവർത്തനം ആരംഭിച്ചെങ്കിലും, രോഗികൾക്കാവശ്യമായ സേവനം ഇവിടെനിന്ന് ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഐക്യൂ ടെസ്റ്റുകൾ നടത്താതിരിക്കുന്നതും, അംഗവൈകല്യ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് മൂലം നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതോടൊപ്പം, സർക്കാരിൽ വിവിധ അപേക്ഷ നൽകുവാനും കഴിയുന്നില്ല.
അതിനാൽ ഐക്യൂ ടെസ്റ്റ് പുനരാരംഭിക്കുവാനും, സർട്ടിഫിക്കറ്റ് വിതരണം ചെയ്യുവാനുമുള്ള നടപടി ആശുപത്രി അധികൃതർ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.