ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്റർ നവീകരണം നിലച്ചു. നാലു മാസമായി തിയറ്റർ അടഞ്ഞു കിടക്കുന്നതിനാൽ രോഗികൾ ബുദ്ധിമുട്ടിലാണ്. കരാറുകാരനു പണം ലഭിക്കാതിരുന്നതാണ് പൂർത്തികരിക്കാതെ നിർമാണം നിർത്തിവച്ചതെന്ന് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കുട്ടികളുടെ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ നവീകരണ ജോലിക്കായി അടച്ചു പൂട്ടിയത്. ഏപ്രിൽ, മേയ് മാസത്തിനുള്ളിൽ നിർമാണം പൂർത്തികരിക്കണമെന്നുള്ളതായിരുന്നു ഉടന്പടി. എന്നാൽ അനുവദിക്കപ്പെട്ട തുക നിർമാണ പൂർത്തീകരണത്തിന് തികയുകയില്ലായെന്ന കാരണത്താൽ കരാറുകാരൻ ഇടയ്ക്കുവച്ച് നിർമാണം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമാണം നിർത്തിയിട്ട് ഒരു മാസം പിന്നിട്ടു.
എന്നാൽ തിയറ്റർ അടച്ചിട്ടതു മൂലം കുട്ടികളായ രോഗികളും രക്ഷിതാക്കളും വളരെ കഷ്ടത അനുഭവിക്കുകയാണ്. തിയറ്റർ ഇല്ലാത്തതിനാൽ ഇവിടെ ചികിത്സ തേടിയെത്തുന്നവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോവുകയാണ്. ചികിത്സയിൽ കഴിയുന്ന കുട്ടികളുടേയും അവസ്ഥ ഇതു തന്നെ.
അവധിക്കാലത്ത് നിരവധി കുട്ടികൾക്ക് പലതരത്തിലുള്ള രോഗങ്ങൾക്ക് ശസ്ത്രക്രിയകൾക്ക് തീയതി മുൻ കൂട്ടി നൽകിയിരുന്നു. എന്നാൽ നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ പല കുട്ടികളുടേയും ശസ്ത്രക്രിയ നടത്തുവാൻ കഴിയാതെ വന്നു.
സാന്പത്തികമായി ഭദ്രതയുള്ളവർ സ്വകാര്യ ആശുപത്രികളെ സമീപിച്ച് ശസ്ത്രക്രിയ പൂർത്തീകരിച്ചുവെങ്കിലും നിർധനരായ ഭൂരിപക്ഷം രോഗികൾക്കും ഇതു കഴിയാതെ വന്നിരിക്കുകയാണ്.
കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുന്പോൾ മെഡിക്കൽ കോളജിലെ സൗകര്യം നോക്കിയ ശേഷം രോഗിയെ ആംബുലൻസിൻ മെഡിക്കൽ കോളജിൽ എത്തിക്കുകയാണ് ഇപ്പോഴത്തെ രീതി.
ഇതു രോഗികൾക്കും ബന്ധുക്കൾക്കും മാത്രമല്ല ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനാൽ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയ തീയറ്റർ നിർമാണം ഉടൻ പൂർത്തികരിക്കണമെന്നാണ് ആവശ്യം.