ഗാന്ധിനഗർ: കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയ തിയേറ്റർ പൂട്ടിയിട്ട് ഒരു വർഷമാകുന്നു. എന്നിട്ടും പണി പൂർത്തിയാക്കുന്ന കാര്യത്തിൽ ആർക്കും വേവലാതിയില്ല. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രീയാതീയേറ്ററിന്റെ പുനർനിർമാണമാണ് വൈകുന്നത്.
ഇപ്പോൾ ശസ്ത്രക്രിയാ ആവശ്യമായ കുട്ടികളെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിൽ എത്തിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞാൽ അതേ ആംബുലൻസിൽ കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കും. ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ ആശുപത്രിയിലെ തിയേറ്റർ അടഞ്ഞിട്ട് ഒരു വർഷം പൂർത്തികരിക്കുവാൻ ഇനിഏതാനും ആഴ്ചകൾ മാത്രമേയുള്ളൂ. നിർമാണ കരാർ ആദ്യം ഏറ്റെടുത്ത കരാറുകാരൻ തുക പോരെന്ന കാരണത്താൽ പാതി വഴിയിൽ നിർത്തി മടങ്ങി. രണ്ടാമത് റീടെണ്ടർ നടത്തി പുതിയ കോണ്ട്രാക്റർക്ക് നൽകിയെങ്കിലും ഇതും മെല്ലെപ്പോക്ക് തുടരുകയാണ്.
മെഡിക്കൽ കോളജ് തീേയേറ്ററിന്റെ സമയവും സൗകര്യവും നോക്കി വേണംരോഗികളെ ആംബുലൻസിൽ മെഡിക്കൽ കോളജ് തീയേറ്ററിൽ എത്തിക്കുവാൻ. ശസ്ത്രക്രീയക്ക് ശേഷവും ഇതേ വാഹനത്തിൽ രോഗിയെ കയറ്റിയിറക്കണം. ഇത് രോഗികൾക്ക് കടുത്ത വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ ആരോപിക്കുന്നു.
അതിനാൽ തീയേറ്റർ നിർമാണം പൂർത്തികരിക്കുവാൻ അധികൃതരുടെ ഇടപെടൽ ശക്തമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.എന്നാൽ തിയേറ്ററിന്റെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലായെന്നും താമസിയാതെ പ്രവർത്തനം നടത്തുവാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.